KOYILANDY DIARY.COM

The Perfect News Portal

ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി

ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ബം​ഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് വയനാട്ടുകാരിയായ മിന്നു.

ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരക്ക് ധാക്കയില്‍ ഇന്ന് തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മിന്നുവിന് പുറമെ 3 പുതുമുഖങ്ങൾ കൂടി ടീമിലുണ്ട്.

ഓള്‍റൗണ്ടറാണ് വയനാട് സ്വദേശിനിയായ മിന്നു മണി. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായിരുന്നു. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. ഇന്ത്യന്‍ എ ടീമിന്‍റെ നീലക്കുപ്പായത്തിലും മിന്നു ഇടം പിടിച്ചിരുന്നു. ഇടംകൈയന്‍ ബാറ്ററും സ്‌പിന്നറുമായ മിന്നുവിന് സീസണില്‍ ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറാന്‍ അവസരം കിട്ടി. ബംഗ്ലാദേശ് പര്യടനത്തിലെ ട്വന്‍റി 20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ മിന്നു മികവ് കാട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Share news
error: Content is protected !!