കൊട്ടാരക്കരയിൽ വൻ ലഹരി വേട്ട: 20 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മധ്യവയസ്കൻ പിടിയിൽ
.
കൊട്ടാരക്കരയിൽ വൻ ലഹരി വേട്ട. വിപണിയിൽ 20 ലക്ഷം രൂപ വില വരുന്ന 400 ഗ്രാം എംഡിഎംഎയുമായി കുണ്ടറ സ്വദേശി ദുഷ്യന്തൻ (50) അറസ്റ്റിൽ. കൊട്ടാരക്കര ഡിവൈഎസ്പി എസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള കൊല്ലം റൂറൽ ഡാൻസഫ് ടീമും പൂയപ്പള്ളി പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ ആണ് ഇയാൾ പിടിയിലായത്. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ രാസ ലഹരി വേട്ടയാണിത്.

പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓടനാവട്ടം പരുത്തിയറ സ്കൂളിന് സമീപം എംഡിഎംഎ നൽകുന്നതിനായി എത്തിയപ്പോഴാണ് രാത്രി 11ഓടെ ഇയാൾ പിടിയിലായത്. ഒരു മാസം മുമ്പ് 150 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേരെ കൊട്ടാരക്കര കെഎസ്ആർടിസി ജംഗ്ഷൻ സമീപം വെച്ച് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അവരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊല്ലത്തു നിന്നും ബാംഗ്ലൂരിലെത്തി എംഡിഎംഎ വാങ്ങുന്ന സംഘത്തെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ദുഷ്യന്തൻ പിടിയിലായത്. വിതരണക്കാർ നൽകിയ പണം ശേഖരിച്ചു ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ വാങ്ങി നാട്ടിൽ വിതരണം ചെയ്യുകയാണ് ഇയാൾ ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായി. പിടികൂടിയ എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുമെന്നും ഇതുമായി ബന്ധപ്പെട്ട മറ്റു പ്രതികളെയും അറസ്റ്റു ചെയ്യുമെന്നും കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ പറഞ്ഞു.




