ഭാഷയാണ് ഏറ്റവും വലിയ രാഷ്ട്രീയം: ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി
.
കോഴിക്കോട്: മലയാള ദിനാചരണ ഭരണഭാഷ വാരാഘോഷ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു. ഭക്ഷണവും വസ്ത്രധാരണവുമെന്നപോലെ മനുഷ്യന്റെ നിലപാടുകളെ ഏറ്റവും വ്യക്തമായി അടയാളപ്പെടുത്തുന്ന രാഷ്ട്രീയമാണ് ഭാഷയെന്ന് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ഒരു സമൂഹത്തിന്റെ സാംസ്കാരിക തനിമയും നിലപാടുകളുടെ ആഴവും തിരിച്ചറിയുന്നത് മാതൃഭാഷയിലൂടെയാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി. നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ലളിതവും മനുഷ്യത്വപരവുമായ പ്രയോഗങ്ങളിലാണ് ഭാഷയുടെ യഥാര്‍ത്ഥ സൗന്ദര്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് വ്യക്തമാക്കി. കാലം മാറുമ്പോള്‍ നാടന്‍ പദങ്ങളും തനിമയുള്ള പ്രയോഗങ്ങളും നമ്മുടെ സംസാരത്തില്‍ നിന്നും എഴുത്തില്‍ നിന്നും ചോര്‍ന്നുപോവുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ എ.ഡി.എം. കെ. ഷറീന ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ ഷാമിന് വി. സെബാസ്റ്റ്യന്‍, എ.കെ. പ്രതീഷ്, പി ഗീത, ഐ.പി.ആര്.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ബി. ബിനു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും വിവിധ പരിപാടികളോടെ ആചരിക്കുന്നത്.



