KOYILANDY DIARY.COM

The Perfect News Portal

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി വാട്സ്ആപ്പ് DPയാക്കിയത് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ചിത്രം

.

കോഴിക്കോട്: യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ പി ഷൗക്കത്തലിയുടെ ചിത്രം ഉപയോഗിച്ച് പാലക്കാട് സ്വദേശിയായ അയൂബ് ലക്ഷങ്ങളാണ് തട്ടിയത്. തട്ടിപ്പിന് ഇരയാക്കപ്പെടുന്നവരുടെ വിശ്വസ്തത പിടിച്ചുപറ്റാന്‍ ഇയാള്‍ കമ്മിഷണറുടെ ചിത്രം വാട്‌സ്ആപ്പിന്റെ മുഖചിത്രമായി ഉപയോഗിച്ച് വരികയായിരുന്നു.

 

ഒറ്റപ്പാലം സ്വദേശി നല്‍കിയ പരാതിയിലാണ് കഴിഞ്ഞദിവസം ഇയാള്‍ പിടിയിലായത്. പരാതിക്കാരനുമായി രണ്ട് മാസത്തോളം വാട്സ്ആപ്പ് മുഖേന സംസാരിച്ചാണ് പ്രതി വിശ്വാസ്യത നേടിയെടുത്തത്. മെയ് മുതല്‍ ജൂലൈ വരെ ഇവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ ഓഫര്‍ ലെറ്ററും യുഎഇ സര്‍ക്കാര്‍ നല്‍കിയതെന്ന വ്യാജേന വര്‍ക്ക് പെര്‍മിറ്റും വിമാന ടിക്കറ്റും വാട്ട്സ്ആപ്പ് വഴി അയച്ചുനല്‍കി.

 

വിസയ്ക്കും മറ്റ് നടപടിക്രമങ്ങള്‍ക്കുമുളള ചെലവുകളുടെ പേരിലും മറ്റുമാണ് പണം പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്. 1,22,600രൂപയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പരാതിക്കാരന് നഷ്ടമായത്. പൊലീസ് കമ്മീഷണറുടെ ചിത്രം വാട്‌സ്ആപ്പ് മുഖചിത്രമായി ഉപയോഗിക്കുകയും യുഎഇയിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമാണ് പ്രതി ചെയ്യുന്നത്. ഒറ്റപ്പാലം സ്വദേശിക്ക് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ മാധ്യമങ്ങളിലൂടെയും മറ്റും കണ്ട് പരിചയമുള്ളതാണ് സംശയത്തിന് ഇടയാക്കിയത്.

 

ഇതോടെ നേരിട്ട് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ആദ്യം ഒരു തയ്യൽക്കാരനാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. യുഎഇയിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇയാളുടെ നീക്കം. പണം വാങ്ങുന്ന സമയം ഇയാള്‍ തട്ടിപ്പിനിരയാക്കിയ വ്യക്തിയുമായി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു.

 

ഈ സമയം വാട്‌സ്ആപ്പിലെ മുഖചിത്രമായി ഉപയോഗിച്ചിരുന്നത് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടേതായിരുന്നു. ഇത് ആദ്യം തട്ടിപ്പിനിരയായ വ്യക്തിക്ക് മനസിലായില്ല. അയല്‍വാസിയുമായുള്ള സംസാരത്തിനിടയില്‍ അദ്ദേഹത്തെ ചിത്രം കാണിച്ചപ്പോഴാണ് ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന് മനസിലായത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പ്രതി സമാനമായ രീതിയില്‍ കൂടുതല്‍ പേരെ ചതിയില്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 

Share news
error: Content is protected !!