കുറുവങ്ങാട് സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് കത്രിക കൊണ്ടു കുത്തേറ്റു
കൊയിലാണ്ടി: കുറുവങ്ങാട് സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് കത്രിക കൊണ്ട് കുത്തേറ്റ് ഗുരുതര പരിക്ക്. കുറുവങ്ങാട് കാട്ടുവയൽ തെക്കെ കൊടുത്താട്ടിൽ അഫ്സൽ (37) ആണ് പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കത്രിക 70 ശതമാനത്തിലേറെയും ശരീരത്തിനകത്ത് കയറിയ നിലയിലാണുള്ളത്. ഇന്നലെ രാത്രി 12.30നാണ് സംഭവം നടന്നത്.

സംഭവത്തിൽ സഹോദരൻ അഫ്സിർ (39)നെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. അഫ്സലിന് തർക്കത്തിനിടെ നെഞ്ചിലാണ് കുത്തേറ്റത്. സിന്തറ്റിക്ക് ലഹരി ഇടപാടിനെ തുടർന്നുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് അറിയുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




