ജിവിഎച്ച്എസ്‌എസ് കൊയിലാണ്ടിയിൽ വായനാദിനം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ജിവിഎച്ച്എസ്‌എസ് കൊയിലാണ്ടിയിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷപൂർവം സംഘടിപ്പിച്ചു. അതോടൊപ്പം വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്നു. പരിപാടി മുൻ മലയാളം അധ്യാപിക ഭവാനി സി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. പി.എം. പ്രഭാകരൻ മുഖ്യാതിഥിയായി പങ്കെടുത്തു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന റഫറൻസ് പുസ്തകങ്ങൾ അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും പ്രധാനാധ്യാപികയ്ക്ക് കൈമാറുകയും ചെയ്തു. വായനാദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക വിജയ സി കെ, ഷിംന പൂക്കാട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ നാരായണൻ കച്ചറക്കൽ, വിദ്യാർത്ഥികളായ ശിവന്യ എസ് രഞ്ജിത്ത്, അയറിൻ, എം ജി ബൽരാജ് (എസ്എസ്‌ജി കൺവീനർ) എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെയും പുസ്തകങ്ങളുമായുള്ള അടുപ്പം വർധിപ്പിക്കുന്നതിന്റെയും പ്രാധാന്യം ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. വായനദിനാചരണം വിദ്യാർത്ഥികൾക്ക് അറിവിന്റെയും വായനാസംസ്കാരത്തിന്റെയും സന്ദേശം പകർന്നു നൽകുന്നതായി മാറി. പ്രധാനാധ്യാപിക ടി. ഷജിത സ്വാഗതവും റിജിന കെ പി നന്ദിയും പറഞ്ഞു.



