KOYILANDY DIARY.COM

The Perfect News Portal

ചേരാനെല്ലൂർ ബെൻസ് അപകട കേസിൽ അഡീഷണൽ ജഡ്ജിയെ ചോദ്യം ചെയ്തു വിട്ടയച്ചു

.

ചേരാനെല്ലൂർ ബെൻസ് അപകട കേസിൽ വാഹന ഉടമയായ അഡീഷണൽ ജഡ്ജിയെ ചോദ്യം ചെയ്തു വിട്ടയച്ചു. എറണാകുളം പൊലീസ് ക്ലബ്ബിൽ മൂന്നു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. സമാന്തരമായി ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ ക്രൈം ബ്രാഞ്ച് സംഘത്തിൻ്റെ പരിശോധനയും നടന്നു. ചേരാനെല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയാണ് വാഹന ഉടമയും പ്രതിയുടെ പിതാവുമായ അഡീഷണൽ ജഡ്‌ജി. എറണാകുളം പൊലീസ് ക്ലബ്ബിൽ മൂന്നു മണിക്കൂറോളമാണ് അന്വേഷണ സംഘം ജഡ്ജിയെ ചോദ്യം ചെയ്തത്.

ക്രൈം ബ്രാഞ്ച് എ സി പി മനോജ്, സെൻട്രൽ എ സി പി സിബി ടോം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയാണ് ജഡ്ജിയെ വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതാണ് ജഡ്ജിക്ക് എതിരെയുള്ള കുറ്റം. താൻ അറിയാതെയാണ് മകൻ വാഹനം ഓടിച്ചത് എന്ന ജഡ്ജിയുടെ വാദവും ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊളിഞ്ഞു.

ജഡ്ജിയുടെ അറസ്റ്റിനായി അന്വേഷണ സംഘം ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ജഡ്ജിയുടെ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് എസ്പിയും സംഘവുമാണ് പരിശോധന നടത്തിയത്. CCTV ദൃശ്യങ്ങൾ ഔദ്യോഗികമായി പിടിച്ചെടുക്കുന്നതിൻ്റെ ഭാഗമായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ആറു മണിക്കൂറോളം വീട്ടിൽ പരിശോധന നടത്തിയിരുന്നു. വീട്ടിൽ നിന്നും കണ്ടെത്തിയ ബൈക്കും 17 വയസുകാരനായ പ്രതി ഓടിച്ചിരുന്നതായി അന്വേഷണ സംഘത്തിന് ഡിജിറ്റൽ തെളിവ് ലഭിച്ചിട്ടുണ്ട്.

Share news