വീണ്ടും ഇരുട്ടിലാകും; നവംബർ മുതൽ വൈദ്യുതി പ്രതിസന്ധി
.
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മുതൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇതോടെ വീണ്ടും നിയന്ത്രണത്തിലേക്ക് പോയേക്കുമെന്നാണ് സൂചന. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കുന്നത്. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് അനുമതി കെ.എസ്.ഇ.ബി നേരത്തെ അനുമതി തേടിയിരുന്നെങ്കിലും, ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സർക്കാരിന്റെ അനുമതി തേടിയുള്ള ഫയൽ ഇപ്പോഴും അനങ്ങിയിട്ടില്ല. അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി.

മെയ് മാസം വരെ വൈദ്യുതി നൽകാമെന്നാണ് ഹിമാചൽ പ്രദേശ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്തമാസം പീക്ക് അവർ കമ്മി 738 മെഗാവാട്ട് വരെ ആയിരിക്കും. ഹിമാചലിന്റെ പീക്ക് അവർ വാഗ്ദാനം 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ ആയിരുന്നു. ഹിമാചലിൽ നിന്ന് വൈദ്യുതി ലഭ്യമാകുന്നത് യൂണിറ്റിന് 12.50 രൂപ മുതൽ 14.50 വരെയാണ്.

ഉപഭോക്താക്കളിൽനിന്ന് നവംബർ മുതൽ വീണ്ടും ഉയർന്ന സർചാർജ് പിരിക്കാനുള്ള നീക്കവുമായി കെ.എസ്.ഇ.ബി മുന്നോട്ടുപോകുകയാണെന്നാണ് വിവരം. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് 5 പൈസ വെച്ച് സർചാർജ് ഈടാക്കും. ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് 4 പൈസ ആയിരിക്കും. സെപ്റ്റംബർ മാസം 11.92 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായതായാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതാണ് ഇന്ധന സർചാർജ് ആയി അടുത്തമാസം പിരിക്കുന്നത്. ഈ മാസം യൂണിറ്റിന് 3 പൈസ വെച്ചായിരുന്നു ഇന്ധന സർചാർജ്.



