വയോജന ദിനാചരണം സംഘടിപ്പിച്ചു
.
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും വയോജന ക്ലബ്ബിന്റെയും നേതൃത്വത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. ഇരുനൂറോളം പേർ പങ്കെടുത്തു. ഒക്ടോബർ 1ന് വൈകിട്ട് 3 മണിക്ക് എഫ്.എഫ്. ഹാളിൽ നടന്ന പരിപാടി സി.ടി. അജയ് ബോസ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡണ്ട് ടി.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. വയോജന കമ്മിറ്റി സെക്രട്ടറി ചന്ദ്രഹാസൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ കബീർ മുഖ്യാതിഥിയായി.

ബിന്ദു ഇല്ലത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ. അബ്ദുൽ റഷീദ് “വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ ക്ലാസെടുത്തു. കൊയിലാണ്ടി ലീഗൽ സർവീസ് അതോറിറ്റി പാനൽ അഡ്വ. അരുൺ കൃഷ്ണ വയോജന സംരക്ഷണ നിയമത്തെക്കുറിച്ചും വയോജനങ്ങളുടെ നിയമപരമായ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ചും ക്ലാസ് നടത്തി. ചടങ്ങിൽ ഹഫ്സ മനാഫ്, പഞ്ചായത്ത് സെക്രട്ടറി നിധിൻ, സരീഷ് (വാർഡ് മെമ്പർ), തടവങ്കയിൽ സുധ (സി.ഡി.എസ്. ചെയർപേഴ്സൺ) എന്നിവർ സംസാരിച്ചു.

വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, സാമൂഹിക സുരക്ഷ, ഒറ്റപ്പെടൽ, നിയമപരമായ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ ചർച്ചയായി. ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾക്ക് പിന്തുണ നൽകുന്നതിനും വാർഡ് അടിസ്ഥാനത്തിൽ വയോജനങ്ങളുടെ വിവരശേഖരണം നടത്തുന്നതിനും പെൻഷൻ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ഉയർന്നുവന്നു.

വയോജനങ്ങളെ സമൂഹത്തിന്റെ കരുതൽ മാത്രം ആവശ്യമുള്ളവരായി കാണാതെ, അനുഭവസമ്പത്തും അറിവും സാമൂഹിക പങ്കാളിത്തവും ഉള്ള സജീവ അംഗങ്ങളായി പരിഗണിക്കണം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് വയോജന ദിനാചരണം സമാപിച്ചത്.



