KOYILANDY DIARY.COM

The Perfect News Portal

മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; യൂട്യൂബര്‍ അശ്വന്ത് കോക്കിന്റേത് കാലാവധി കഴിഞ്ഞ ലൈസന്‍സ്

.

കോഴിക്കോട്: യൂട്യൂബര്‍ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ അശ്വന്തിന്റെ കൈവശമുള്ളത് കാലാവധി കഴിഞ്ഞ ലൈസന്‍സ് ആണെന്ന് വിവരം. 2025 ഫെബ്രുവരിയില്‍ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

5 വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നാണ് വിവരം. ലൈസന്‍സ് ഇല്ലാതെ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിനും കേസെടുക്കും. കോഴിക്കോട് നടക്കാവ് വെച്ചാണ് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നതോടെ ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത് വന്നിരുന്നു. സംഭവ ദിവസം ലൈസന്‍സ് കയ്യില്‍ ഇല്ലെന്നായിരുന്നു അശ്വന്ത് അറിയിച്ചിരുന്നത്.

മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തില്‍ നിന്നും രണ്ട് കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്നും മദ്യവും എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു. ഇനി താന്‍ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും അശ്വന്ത് പിന്നീട് യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. നിയമവിരുദ്ധമായി താന്‍ ജീവിതത്തില്‍ ചെയ്ത ഏക കാര്യം ഇതു മാത്രമാണ് എന്നും അശ്വന്ത് പറഞ്ഞിരുന്നു.

 

Share news