KOYILANDY DIARY.COM

The Perfect News Portal

പന്തീരാങ്കാവില്‍ പിടികൂടിയ കോടികളുടെ ലഹരിവസ്തു എത്തിച്ചത് വിദേശത്തേക്ക് കടത്താന്‍

.

കോഴിക്കോട് പന്തീരാങ്കാവില്‍ പിടികൂടിയ കോടികളുടെ ലഹരിവസ്തു എത്തിച്ചത് വിദേശത്തേയ്ക്ക് കടത്താന്‍. പ്രതികളായ മുഹമ്മദ് ഷഫീഖ്, ഫാത്തിമ നസ്‌റിന്‍ എന്നിവരാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചത്. വിപണിയില്‍ മൂന്ന് കോടിയിലധികം വിലമതിക്കുന്ന 3.300 കിലോ എംഡിഎംഎ ആണ് ഇന്നലെ എക്‌സൈസ് പിടികൂടിയത്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് കോഴിക്കോടേക്ക് എംഡിഎംഎ എത്തിച്ചത്. പ്രതികളെ പുലര്‍ച്ചെ വരെ ചോദ്യം ചെയ്തപ്പോഴാണ് വിദേശത്തേക്ക് കടത്തുന്ന വിവരം വെളിപ്പെടുത്തിയത്.

 

കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി മുഹമ്മദ് ഷഹീഖ്, അടിവാരം സ്വദേശിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ ഫാത്തിമ നസ്റിന്‍ എന്നിവരെ കോടതില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ നീണ്ടു നിന്ന അന്വേഷണത്തിലാണ് ലഹരിശേഖരം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയുടെ പേരില്‍ എടുത്ത സിംകാഡ് ആണ് എംഡിഎംഎ കടത്തലിന് ഉപയോഗിച്ചത്. 

Advertisements

 

പന്തീരങ്കാവ് ടോള്‍ ബൂത്തിന് സമീപം പ്രതികള്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. കാറിന്റെ ബോണറ്റിനുള്ളില്‍ അതിവിദഗ്ധമായാണ് മയക്കുമരുന്ന് പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്.

Share news
error: Content is protected !!