KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന വയോജന കമ്മീഷന്‍ സിറ്റിംഗ്: 33 പരാതികള്‍ പരിഗണിച്ചു

.
കോഴിക്കോട്: സംസ്ഥാന വയോജന കമ്മീഷന്‍ ജില്ലയില്‍ നടത്തിയ പരാതി പരിഹാര സിറ്റിംഗില്‍ 33 പരാതികള്‍ പരിഗണിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗിന് കമ്മീഷന്‍ അധ്യക്ഷന്‍ അഡ്വ. കെ. സോമപ്രസാദ്, അംഗം അമരവിള രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വയോജന സംഘടനകളില്‍ നിന്നുള്ള വിവിധ നിവേദനങ്ങളും സിറ്റിംഗില്‍ സ്വീകരിച്ചു. കമ്മീഷനു ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി.
മുതിര്‍ന്ന പൗരരെ മക്കള്‍ കൃത്യമായി സംരക്ഷിക്കുന്നില്ലെന്ന പരാതികളാണ് കൂടുതല്‍ ലഭിച്ചത്. പെന്‍ഷന്‍ ലഭ്യതയിലെ തടസ്സങ്ങള്‍, സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്ത അവസ്ഥ, കരാറേറ്റെടുത്ത് പണം കൈപ്പറ്റിയ ശേഷം പ്രവൃത്തി പൂര്‍ത്തിയാക്കാതിരിക്കല്‍, വാടക കരാര്‍ കാലാവധി കഴിഞ്ഞിട്ടും വീടൊഴിയാത്ത സാഹചര്യം തുടങ്ങിയ വിഷയങ്ങളും സിറ്റിംഗില്‍ പരിഗണനയ്‌ക്കെത്തി.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമത്തിലെ (2007) പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വളണ്ടറി കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം അത്യാവശ്യമായി നടപ്പാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. വയോജന നിയമപ്രകാരം ആര്‍.ഡി.ഒ അധ്യക്ഷനായുള്ള മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെ എത്തുന്ന പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്.
ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കമ്മീഷന്റെ നേതൃത്വത്തില്‍ ആര്‍.ഡി.ഒമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ട്രിബ്യൂണലുകളിലെ പരാതി പരിഹാരം വേഗത്തിലാക്കാന്‍ ആര്‍.ഡി.ഒ ഓഫീസുകളില്‍ പ്രത്യേക ജീവനക്കാരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. മുതിര്‍ന്ന പൗരര്‍ നേരിടുന്ന ഏത് പ്രശ്‌നത്തിലും കമ്മീഷനെ സമീപിക്കാവുന്നതാണ്.
മാധ്യമ വാര്‍ത്തകളുടെയും ശ്രദ്ധയില്‍പ്പെടുന്ന മറ്റ് വിഷയങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുന്നുണ്ട്. പുതുതായി രൂപീകരിച്ച വയോജന വകുപ്പ് മുതിര്‍ന്ന പൗരരുടെ വിഷയങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷന്‍ പറഞ്ഞു.
വയോജന കമ്മീഷനില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതികള്‍ നല്‍കാവുന്നതാണ്. വിലാസം: കേരള സംസ്ഥാന വയോജന കമ്മീഷന്‍, ഹാന്‍ടെക്‌സ് ബില്‍ഡിംഗ്, ഓവര്‍ബ്രിഡ്ജ്-തമ്പാനൂര്‍ റോഡ്, തിരുവനന്തപുരം-695001. ഫോണ്‍: 0471-2960100, ഇ-മെയില്‍: ksec.ewd@kerala.gov.in.
Share news