എം എ യൂസഫലിക്കെതിരായ വ്യാജ പ്രചാരണം: യൂട്യൂബർ ഷാജൻ സ്കറിയക്കെതിരെയുള്ള നിയമ നടപടികൾ ശക്തമാക്കുമെന്ന് ലുലു ഗ്രൂപ്പ്
.
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ യൂട്യൂബർ ഷാജൻ സ്കറിയക്കെതിരെയുള്ള നിയമ നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ലുലു ഗ്രൂപ്പ്. ഒരു കേസും പിൻവലിക്കില്ലെന്ന് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ പറഞ്ഞു. മാപ്പ് പറഞ്ഞാലും കേസുകൾ പിൻവലിക്കില്ലെന്നും കേരളത്തിൽ മാത്രമല്ല എല്ലായിടത്തും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രാൻഡിനോ ചെയർമാനോ എതിരായ ഒരു വ്യാജ ആരോപണവും അനുവദിക്കില്ലെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി.

അത്തരത്തിൽ ഉള്ള എല്ലാ കേസുകളിലും നിയമപരമായി നേരിടും. പുറത്തുള്ള സെറ്റിൽമെന്റ് അനുവദിക്കില്ല. ലൈക്കും ക്ലിക്കും ഷെയറും ആണ് ആരോപണത്തിനും വ്യാജവാർത്തകൾക്കും പിന്നിലെന്നും നന്ദകുമാർ പറഞ്ഞു. അതേസമയം, യൂസഫലിക്കെതിരായ വ്യാജ പ്രചരണങ്ങളിൽ മാപ്പു പറഞ്ഞുകൊണ്ട് ഷാജൻ സ്കറിയ രംഗത്തെത്തിയിരുന്നു. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലായെന്നും പിൻവലിക്കുന്നു എന്നുമായിരുന്നു സ്കറിയ പറഞ്ഞത്.

യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിൽ ആയിരുന്നു ഷാജൻ മാപ്പു പറഞ്ഞത്. എം എ യൂസഫലിക്കെതിരെ വ്യാജപ്രചാരണങ്ങളിൽ നിയമനടപടി ശക്തമാക്കുമെന്നാണ് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയത്. ഇതിനു മുൻപും ഷാജൻ സ്കറിയയുടെ വിദ്വേഷ പരാമർശങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയർന്നു വരാറ്.




