NVS 03 ഭ്രമണപഥത്തിൽ; ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം
.
ഗതിനിർണയത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ഇന്ത്യ വികസിപ്പിച്ച NVS 03-യെ ഭ്രമണപഥത്തിൽ എത്തിച്ചു. ഇന്നലെ രാത്രി 11.51ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പുലർച്ചെ 12.09ന്, 18 മിനിറ്റ് 50 സെക്കൻഡിൽ വിജയകരമായി ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. തദ്ദേശീയ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ പരമ്പരയിലെ ആധുനിക ഉപഗ്രഹമാണിത്.

GSLV യുടെ ഇരുപതാം വിക്ഷേപണ ദൗത്യമാണ് വിജയകരമായി പൂർത്തിയായത്. ISROയുടെ വൈദഗ്ധ്യം സാക്ഷ്യപെടുത്തുന്ന ദൗത്യമാണെന്നും ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും ISRO ചെയർമാൻ വി നാരായണൻ പറഞ്ഞു. ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ച് ഒരുപോലെ അധ്വാനിച്ചാൽ എന്ത് ഫലം നേടാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഈ ദൗത്യവിജയമെന്ന് മിഷൻ ഡയറക്ടറും മലയാളിയുമായ തോമസ് കുര്യൻ പറഞ്ഞു.

അമേരിക്കയുടെ ജി.പി.എസ് പോലെ ഇതും പൊസിഷനിങ്, നാവിഗേഷൻ, ടൈമിങ് സേവനങ്ങൾ നൽകുന്നതിനുള്ളതാണ് ഇന്ത്യയെയും അതിർത്തികളിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെയും നാവിക് ഉൾക്കൊള്ളും. ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഐ.എസ്.ആർ.ഒ എൻ.വി.എസ്-04, എൻ.വി.എസ്-05 എന്നിവയും വികസിപ്പിക്കുന്നുണ്ട്.




