KOYILANDY DIARY.COM

The Perfect News Portal

രാത്രി വൈകിയും സ്നാക്സ് കഴിക്കാറുണ്ടോ? കാത്തിരിക്കുന്നത് ഫാറ്റിലിവറും മറ്റ് കരൾ രോഗങ്ങളും

.

രാത്രി ഉറങ്ങുന്നതിന് മുൻപ് സ്നാക്സ് കഴിക്കുന്ന ശീലം നിരവധിപ്പേർക്കുണ്ട്. ഇത് നല്ലതാണോ? അല്ലേയല്ല. രാത്രി വൈകിയും സ്നാക്സ് കഴിക്കുന്ന ശീലമുള്ളവരെ കാത്തിരിക്കുന്നത് ഫാറ്റിലിവറും മറ്റ് കരൾരോഗങ്ങളുമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. യുവാക്കൾക്കിടയിൽ ഇന്ന് ഫാറ്റിലിവർ കേസുകൾ (മെറ്റബോളിക് ഡിസ്ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റിയാട്ടോട്ടിക് ലിവർ ഡിസീസ്) കുത്തനെ ഉയരുന്നതായാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

 

ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളും വ്യായാമക്കുറവുമെല്ലാം ഫാറ്റിലിവർ സാധ്യത കൂട്ടുമെന്ന് വിദ​ഗ്ധർ പറയുന്നു. രാത്രി വൈകിയതിന് ശേഷം ഭക്ഷണം കൊറിക്കുന്നതും ഫാറ്റിലിവർ ഡിസീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കി പുതിയ പഠനം പുറത്തുവന്നിരിക്കുകയാണ്. രാത്രി കാലങ്ങളിൽ സ്നാക്സ് കഴിക്കുന്നതിനുമുമ്പ് രണ്ട് തവണ ചിന്തിക്കണമെന്നാണ് ഒറിഗോൺ ഹെൽത്ത് & സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ തങ്ങളുടെ പഠനത്തിൽ പറയുന്നത്.

 

‘ക്ലിനിക്കൽ ഗാസ്ട്രോ എൻട്രോളജി ആൻഡ് ഹെപ്പറ്റോളജി’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പ‌ഠനം അത്താഴത്തിന് ശേഷമോ, ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പോ എന്തെങ്കിലും കൊറിക്കുന്നത് ഫാറ്റിലിവർ, ലിവർ സിറോസിസ് എന്നീ കരൾരോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നുവെന്ന് പറയുന്നു. ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയുമായി രാത്രി വൈകി സ്നാക്സ് കഴിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നേരത്തെ പല ഗവേഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

 

ഇപ്പോഴിതാ ഫാറ്റിലിവറും മറ്റ് കരൾ രോഗങ്ങളുമായുള്ള ബന്ധവും വെളിപ്പെട്ടിരിക്കുകയാണ്. നഴ്സസ് ഹെൽത്ത് സ്റ്റഡി, നഴ്സസ് ഹെൽത്ത് സ്റ്റഡി II, ഹെൽത്ത് പ്രൊഫഷണൽസ് ഫോളോ-അപ്പ് സ്റ്റഡി എന്നീ മുൻകാല ദേശീയ ഡാറ്റാ സെറ്റുകൾ വിശകലനം ചെയ്തായിരുന്നു ​ഗവേഷകരുടെ പഠനം. ഏതാണ്ട് 200,000 പേരിൽ നിന്ന് ഭക്ഷണക്രമത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും ​ഗവേഷകർ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഇവയും കരൾ രോഗങ്ങളുമായുള്ള ബന്ധം പരിശോധിച്ചു.

 

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് എല്ലാത്തരം കരൾ രോഗങ്ങൾക്കുമുള്ള സാധ്യത 20% മുതൽ 30%വരെ കൂടുതലാണെന്ന് ഇതിലൂടെ ഇവർ കണ്ടെത്തി. അതേസമയം ഈ പഠനത്തിൽ ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കലോറി ഉപഭോഗം പരിമിതപ്പെടുത്തുന്നതിലൂടെ കരൾരോഗസാധ്യത കുറയ്ക്കാമെന്ന് ഗവേഷകർ പറയുന്നുണ്ട്.

 

രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിലൂടെ ദഹനശേഷി കുറയുകയും അത് പൊണ്ണത്തടി, പ്രമേഹം, കരൾ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഭക്ഷണവും ഉറക്കവും തമ്മിലുള്ള സമയ ക്രമക്കേടുകളുടെ ഏറ്റവും മോശം ഫലം അനുഭവിക്കുന്ന അവയവവും കരളാണെന്നും ഗവേഷകർ പഠനത്തിൽ വ്യക്തമാക്കി.

 

Share news