KOYILANDY DIARY.COM

The Perfect News Portal

ഏഷ്യൻ ഗെയിംസ് ജേതാക്കളുടെ തുടർപ്രയാണത്തിന് സർക്കാർ പ്രോത്സാഹനം നൽകും: മന്ത്രി ടി. സിദ്ദിഖ്

.
കോഴിക്കോട്: ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ തിരുവമ്പാടി സ്വദേശിനി വിദർശ കെ. വിനോദിന് ജന്മനാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദർശയും തന്റെ മണ്ഡലത്തിൽപ്പെട്ട ടി എസ് മനുവും അടക്കമുള്ള കായികതാരങ്ങളുടെ ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം ഏറെ അഭിമാനകരമാണ്. മെഡൽ ജേതാക്കൾക്ക് ജോലിയും തുടർന്നുള്ള പിന്തുണയും നൽകുന്ന കാര്യം കഴിഞ്ഞ മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തു. രാജ്യത്തിന്റെ യശസ്സുയർത്തിയ വിദർശയ്ക്ക് ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. വിദർശയുടെ കായിക സ്വപ്നങ്ങളെ പിന്തുണച്ച കുടുംബാംഗങ്ങളെയും പരിശീലകനെയും  അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. 
വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിദർശയെ ആനയിച്ചത്. മന്ത്രി ടി. സിദ്ദിഖ്, സി.കെ കാസിം എംഎൽഎ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് എന്നിവരും ജീപ്പിൽ കായികതാരത്തോടൊപ്പം ഉണ്ടായിരുന്നു. പി.സി. മുക്കിൽ നിന്നും ആരംഭിച്ച സ്വീകരണ റാലി തിരുവമ്പാടി ബസ് സ്റ്റാൻഡിലാണ് സമാപിച്ചത്. നാടിൻ്റെ അഭിമാനമായ പ്രിയതാരത്തെ കാണാനും അഭിവാദ്യമർപ്പിക്കാനുമായി നൂറുകണക്കിനാളുകളാണ് വഴിയോരങ്ങളിൽ തടിച്ചുകൂടിയത്.
സ്വീകരണ സമ്മേളനത്തിൽ സി.കെ. കാസിം എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് വിദർശയെ പൊന്നാട അണിയിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Share news