KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: മദ്യപരുടെ വിഹാര കേന്ദ്രമായ് മാറുകയാണ് കൊല്ലം റെയിൽവേ ഗെയ്റ്റിനു വടക്കുഭാഗം നെല്ല്യാടി റോഡും പരിസരത്തെ മിക്ക കടമുറികളും. സന്ധ്യ മയങ്ങുന്നതോടുകൂടി ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ പ്രദേശത്തുകാരായ മദ്യപൻമാർക്കും സൗകര്യത്തോടു കൂടി മദ്യപിക്കാനുള്ള ചെറു ബാറുകളായ് മാറുകയാണ് ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളും.
ടച്ചിങ്ങ്സും സോഡയും ലഭിക്കുന്നത് കൊണ്ട് ബാറുകൾക്ക് സമാനമായ രീതിയിൽ സ്വസ്ഥമായ് മദ്യപിക്കാം. പ്രദേശത്ത് സർവ്വീസ് സഹകരണ ബാങ്ക്, SNDP കോളജ്, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളും പൊതുജനങ്ങളും കടന്നുപോവുന്ന ഈ പ്രദേശത്ത് പോലീസിന്റെ പരിശോധന നടക്കുന്നില്ല എന്നുള്ളതും ഇത്തരക്കാർക്ക് ധൈര്യം നൽകുന്നുണ്ട്.
പ്രദേശത്തെ പൊതുപ്രവർത്തകരായ കച്ചവടക്കാർ വരെ മദ്യപർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നുണ്ടെന്നുള്ളത് പ്രദേശത്തുക്കാർക്ക് അറിയാവുന്നതാണ്. റസിഡൻസ് അസോസിയേഷനുകൾ ഉൾപ്പെടെ ഈ വിഷയം രേഖാമൂലം പോലീസിൽ പരാതിപ്പെട്ടിട്ടും തികഞ്ഞ നിഷ്ക്രിയത്തമാണ് ഉണ്ടായത്.