KOYILANDY DIARY.COM

The Perfect News Portal

സർക്കാർ മിഷൻ സമുദ്ര – കൊളാവിപ്പാലത്ത് ക്രൂയിസ് വെസൽസ് സാധ്യതാ പഠനം

.
പയ്യോളി: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായി ടൂറിസ്റ്റ് ക്രൂയിസ് വെസൽസ് ജെട്ടികൾ സ്ഥാപിക്കാൻ കോഴിക്കോട് ജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം പയ്യോളിയിലെ കൊളാവിപ്പാലത്താണന്ന് കണ്ടെത്തൽ. കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ മിഷൻ സമുദ്രയിൽ കൊയിലാണ്ടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് നിന്ന് പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപിൻ്റെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം എത്തി പരിശോധന നടത്തി.
തീരപ്രദേശത്ത് നിന്നും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ആഴമുള്ള സ്ഥലം ഉള്ളത് കൊയിലാണ്ടിയിലെ കൊളാവിപ്പാലത്താണെന്ന് കണ്ടെത്തി. ഇതിൻ്റെ ഭാഗമായി ഈ പ്രദേശം മേൽ പദ്ധതിക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ പാരിസ്ഥിതിക പഠനങ്ങൾ ഉൾപ്പടെയുള്ളവ നടത്താനും പദ്ധതി രൂപരേഖ തയ്യാറാക്കാനും തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് എത്തിയ സംഘത്തോടൊപ്പം കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്‌റ്റൻ ഹരി രാഘവ വാര്യർ, ഹൈഡ്രോഗ്രഫിക് സർവയർ വർഗ്ഗീസ് എന്നിവരും ഉണ്ടായിരുന്നു.
അഡ്വ. കെ. പ്രവീൺ കുമാർ, പയ്യോളി ചെയർപേഴ്സൺ എൻ സാഹിറ, വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ സി.പി. ഫാത്തിമ, പൊതുമരാമത്ത് സ്റ്റാറ്റിങ് കമ്മറ്റി ചെയർപേഴ്സൺ പി. കുഞ്ഞാമു, വാർഡ് കൗൺസിലർ നിഷ ഗിരീഷ്, മഠത്തിൽ നാണു, മഠത്തിൽ അബ്ദു റഹിമാൻ, പടന്നയിൽ പ്രഭാകരൻ, ഇ.ടി പപ്പൻ, പി.എൻ അനിൽ കുമാർ, പി .എം അഷറഫ്, കൊളാവിപ്പാലം രാജൻ, എം.ടി. രജ്ഞിത്ത് ലാൽ എന്നിവരും ഉദ്യോഗസ്ഥരുടെ കൂടെ ഉണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിനെ കുറിച്ചാണ് മാരിടൈം ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ നിയമസഭയിൽ മുഖ്യമന്ത്രി പ്രതിപാദിച്ചത്. 
ഭാവിയിൽ ഈ പദ്ധതിയിൽ ടൂറിസ്റ്റ് വെസൽസ് മാത്രമല്ല ചെറിയ കാർഗോ ഷിപ്പുകൾ കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. മിനി ഗോവ, സർഗ്ഗാലയ, കുഞ്ഞാലി മരക്കാർ സ്മാരകം, വെളളിയാംകല്ല് എന്നിവ ഉൾപ്പെടുത്തി ടൂറിസ്റ്റ്
സർക്യൂട്ട് തന്നെ നിലവിൽ വരുത്താനുള്ള പദ്ധതിയും ഇതിൻ്റെ ഭാഗമായി നിലവിൽ വരുമെന്നും എംഎൽഎ പറഞ്ഞു.
Share news