KOYILANDY DIARY

The Perfect News Portal

വന്മുഖം എളമ്പിലാട് സ്കൂൾ: ഓൺലൈനിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി മാതൃകയായി

നന്തി: ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പാർലമെൻ്റ് മാതൃകയിൽ ഓൺലൈനിൽ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് നവ്യാനുഭവമായി.      സ്ഥാനാർത്ഥി നിർണ്ണയം, നാമനിർദ്ദേശ പത്രിക സമർപ്പണം, പ്രചാരണം, കലാശക്കൊട്ട്, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ തുടങ്ങി യഥാർത്ഥ തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും ഓൺലൈനിലൂടെ പാലിച്ച് കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ഡിജിറ്റൽ പോസ്റ്റർ വീഡിയോ, ഓഡിയോ, എനൗൺസ്മെൻ്റ് തുടങ്ങി വിവിധങ്ങളായ സാധ്യതകൾ ഉപയോഗപ്പെടുത്തിയിരുന്നു.     

ആദ്യഘട്ടത്തിൽ ജനാധിപത്യ രീതിയിൽ ക്ലാസ് ലീഡർ തെരഞ്ഞെടുപ്പും നടന്നു. എ.ആർ. അമേയയെ സ്കൂൾ ലീഡറായും, കെ. മുഹമ്മദ് ഹാദിഖിനെ ഡെപ്യൂട്ടി ലീഡറായും, തനിഷ്ക് ചാത്തോത്തിനെ സീഡ് പരിസ്ഥിതി ക്ലബ്ബ് ലീഡറായും തെരഞ്ഞെടുത്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് തെരഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു. പി.ടി.എ.പ്രസിഡൻ്റ് കെ. സുജില തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്തി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഓൺലൈൻ പഠനകാലത്തിന് മുമ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് പാർലമെൻറ് മാതൃകയിൽ തെരഞ്ഞെടുപ്പ് നടത്തി ഈ വിദ്യാലയം ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *