KOYILANDY DIARY

The Perfect News Portal

ലോക തപാൽ ദിനത്തിൽ ജില്ലാ കലക്ടർക്ക് അഭിനന്ദന കത്തുമായി വന്മുകം സ്ക്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ലോകതപാൽ ദിനത്തിൽ കോഴിക്കോട് കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടർ യു.വി.ജോസിന് അഭിനന്ദന കത്ത് കൈമാറി. കേരളത്തെ വിഴുങ്ങിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, പ്രളയാനന്തര ഘട്ടത്തിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി കോഴിക്കോടിന്റെ പേരും പെരുമയും വാനോളമുയർത്തിയ ജില്ലാ കലക്ടർക്ക് അഭിനന്ദനങ്ങളറിയിച്ച് കത്ത് തയ്യാറാക്കിയാണ് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ നന്മ ക്ലബ്ബ് അംഗങ്ങൾ ലോകതപാൽ ദിനത്തിൽ കലക്ടറുടെ ചേമ്പറിലെത്തിയത്.
വളരെയധികം ദൂരം സഞ്ചരിച്ച് കത്തുമായി തന്നെ കാണാനെത്തിയ കൊച്ചു കൂട്ടുകാരെ അഭിനന്ദിച്ച കലക്ടർ  കുട്ടികളുമായി അര മണിക്കൂറോളം സമയം സംവദിക്കുകയും, കുട്ടികളെ കൊണ്ട് കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. നേരത്തെ പ്രളയ സമയത്ത് വയനാട്ടിലെ ദുരിതബാധിതർക്ക് ഒരു മിനിലോറി നിറയെ സാധനങ്ങളും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും ഈ വിദ്യാലയത്തിലെ കുരുന്നുകൾ ശേഖരിച്ച് കൈമാറിയിരുന്നു.
സ്കൂൾ ലീഡർ ഹൈഫ ഖദീജയുടെ നേതൃത്വത്തിലുള്ള സംഘം അഭിനന്ദനകത്ത് കൈമാറി.പി.കെ.അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ പി.നൂറുൽ ഫിദ നിഹാൽ അഫ്സൽ, ആയിശ മെഹന  എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *