KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പുതിയ ബ്ലോക്ക് ‘ഒ. എൻ. വി. സ്മാരക മന്ദിരം’ 23ന് നാടിന് സമർപ്പിക്കും

കൊയിലാണ്ടി : ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി കെ. ദാസൻ എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1 കോടി നാല് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പുടിയകെട്ടിടം ഒ. എൻ. വി. സ്മാരക മന്ദിരം 23ന് കാലത്ത് 10 മണിക്ക് എം. എൽ. എ. കെ. ദാസൻ നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ വിഭാഗങ്ങൾക്കായി വിപുലവും സമഗ്രവുമായ ലബോറട്ടിറികളും ഡിജിറ്റൽ ലൈബ്രറികളും സെമിനാർ ഹാളും, സ്മാർട്ട് റൂമും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം. എം. എൽ. എ. നടപ്പാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ (ഡീപ്) ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ നോവലിസ്റ്റ് പി. വത്സല പുതിയ കെട്ടിടത്തിന് ഒ. എൻ. വി. കുറുപ്പിന്റെ നാമകരണംചെയ്യും. ഗേൾസ് ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എ. പി. പ്രബീദ് സ്വാഗതവും പി. ഡബ്ല്യു.ഡി. എക്‌സി. എഞ്ചിനീയർ കെ. പി അരവിന്ദാക്ഷൻ റിപ്പോർട്ടവതരണവും നടത്തും. ചടങ്ങിൽ നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. കെ. ദാസൻ എം. എൽ. എ., നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗൺസിലർ പി. എം. ബിജു.
പ്രിൻസിപ്പൾ എ. പി. പ്രബീദ്, ഹെഡ്മാസ്റ്റർ  എം. എം. ചന്ദ്രൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.