KOYILANDY DIARY

The Perfect News Portal

കൊണ്ടംവള്ളി ക്ഷേത്രക്കുളം വാർത്ത ശുദ്ധ അസംബന്ധം: ക്ഷേത്രക്കുളം നവീകരണ കമ്മിറ്റി

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് കൊണ്ടംവള്ളി ക്ഷേത്രക്കുളം നവീകരിച്ച് നാടിന് സമർപ്പിച്ചതിന് ശേഷം പുറത്ത് നിന്നുള്ള ചില തൽപ്പര കക്ഷികൾ നടത്തിയ വ്യാജ പ്രചരണം ഒരു സംഘടന ഏറ്റെടുത്ത് വലിയ ഗൂഡാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരക്കാർ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ശുദ്ധ അസംബന്ധവും കളവുമാണെന്ന് നവീകരണ കമ്മിറ്റി പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ക്ഷേത്രക്കുളം സമർപ്പണത്തോടനുബന്ധിച്ച് കുളത്തിൽ നടത്തിയ ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളിൽ ഒരു ദളിതൻ കുളിച്ചതിനാലാണ് പിന്നീട് ചടങ്ങുകൾ നടത്തിയത് എന്ന വാദത്തിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. നവീകരണ കമ്മിററിയുടെ മുൻ പ്രസിഡണ്ടായ ദളിതനായ വ്യക്തി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വീഴ്ചവരുത്തുകയും സാമ്പത്തിക ക്രമക്കേട് നടത്തുകയും ചെയ്തത് കാരണം കമ്മിറ്റിയുടെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം അദ്ദേഹത്തെ നീക്കം ചെയ്യുകയും കമ്മിററിതന്നെ പുനസംഘടിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ജാള്യതപൂണ്ട ഈ വ്യക്തിയും മററു ചില തൽപ്പര്യ കക്ഷികളും ചേർന്ന് വളരെ നീചവും നികൃഷ്ടവുമായ ജാതിസ്പർദ്ദ ഇളക്കിവിട്ട് വളരെയേറെ സ്‌നേഹത്തോടും ഒരുമയോടും കഴിഞ്ഞ ഇവിടുത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ പ്രദേശത്തെ ദളിതർ ഉൾപ്പെടെ മുഴുവൻ ആളുകളുടെയും സഹായ സഹകരണങ്ങൾകൊണ്ടുമാണ് സമയബന്ധിതമായി കുളത്തിന്റെ പണി പൂർത്തിയാക്കാൻ സാധിച്ചത്. അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാലമായതിനാൽ ക്ഷേത്രത്തിൽ പ്രധാന ചടങ്ങുകൾ നടക്കേണ്ടതിനാൽ അയ്യപ്പ സേവ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര കുളത്തിൽ ശുദ്ധിവരുത്തുന്നതിന്റെ ഭാഗമായി പണി പൂർത്തിയാവുന്നതിന് മുമ്പായി കമ്മിറ്റിയുടെ നിർബന്ധപ്രകാരം ശുദ്ധി, പുണ്യാഹ ക്രിയകൾ ചെയ്തു. ആ ചടങ്ങിലാണ് കുളം നവീകരണ കമ്മിറ്റി പ്രസിഡണ്ടായിരുന്ന വ്യക്തി കുളിച്ചത്. പ്രസ്തുത ചടങ്ങ് നടത്തിയതിന് നവീകരണ കമ്മിറ്റിക്ക് യാതൊരുവിധ ബന്ധവുമില്ല എന്ന് ഭാരവാഹികൾ അറിയിച്ചു. അതിന് ശേഷമാണ് കുളം നാടിന് സമർപ്പിച്ചത്.
ഈ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്ര ഊരാളന്മാർ അന്ന് രാവിലെ ശുദ്ധി ക്രിയകൾ നടത്തിയത്. ഇതാണ് ഇതിന്റെ യാഥാർത്ഥ്യം. ദളിത് സംഘടനകൾ ആരോപിച്ചത് പോലുള്ള ഒരു കാര്യവും അവിടെ നടന്നിട്ടില്ല. പത്ര സമ്മേളനത്തിൽ കെ. സദാനന്ദൻ, എ. പി. ബാലൻ, ബാലകൃഷ്ണൻ ചെറുവലത്ത്, പി. കുഞ്ഞിക്കണ്ണൻ, രവി വി. എം, ശ്രീജിത്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.