നിയന്ത്രണം വിട്ട ലോറി സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിഞ്ഞു: ഡ്രൈവറെ സാഹസികമായി രക്ഷിച്ച ഷമീറിനെ ആദരിച്ചു
താമരശ്ശേരി: നിയന്ത്രണം വിട്ട ലോറി സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിഞ്ഞു: ഡ്രൈവറെ സാഹസികമായി രക്ഷിച്ച ഷമീറിനെ ആദരിച്ചു താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ നിയന്ത്രണം വിട്ട ലോറി സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ ഹരിപ്പാട് സ്വദേശി പള്ളിപ്പാട് പുത്തന്‍ കണ്ടത്തില്‍ ഗണേശിനെ കൃത്യസമയത്തെ ഇടപെടലിലൂടെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ഏകരൂല്‍ സ്വദേശി ഷമീറിനെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ ആദരിച്ചു. ചോക്ലറ്റുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്.
അതുവഴി മറ്റൊരു ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഷമീര്‍ കൊക്കയിലേക്ക് തലകുത്തനെ തൂങ്ങിക്കിടന്ന ലോറിയില്‍ നിന്ന് ഡ്രൈവറെ രക്ഷിച്ച് അതി സാഹസികമായി മുകളില്‍ എത്തിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ കൂടിയായ ഷമീറിന്റെ തക്കസമയത്തെ ഇടപെടലാണ് ലോറി ഡ്രൈവറുടെ ജീവന് രക്ഷിച്ചതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്നും ആദരിക്കല്‍ വേളയില്‍ ശാന്തി ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗഫൂര്‍, അസി. ജനറല്‍ മാനേജര്‍ സജീഷ് കുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍ ഇ.കെ റസാഖ്, ശ്രിപേഷ്, സൈനുദ്ധീന്‍, ലത്തീഫ് അടിവാരം എന്നിവര്‍ സംസാരിച്ചു.