KOYILANDY DIARY.COM

The Perfect News Portal

ഖത്തർ കെ.എം.സി.സി കവർച്ച: കുറ്റക്കാരെ കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ

.
കൊയിലാണ്ടി: ദോഹയിലെ ഖത്തര്‍ കെ.എം.സി.സി ഓഫീസില്‍ നിന്ന് 8.6 കോടി ഇന്ത്യന്‍ രൂപ (31 ലക്ഷം ഖത്തര്‍ റിയാല്‍) കവര്‍ന്ന കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ. അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടായതിനാല്‍ ഇത് പ്രാദേശിക പോലീസിന്റെ അന്വേഷണ പരിധിക്ക് പുറത്തുള്ളതാണെന്നാണ് എഫ്.ഐ.ആറിലെ പ്രാഥമിക വിവരങ്ങളില്‍ വ്യക്തമാകുന്നത്.
ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൂടെയേ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ കഴിയൂവെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബറില്‍ ദോഹയിലാണ് സംഭവം നടന്നത്. ഇവിടെ നിന്നും കവര്‍ച്ച ചെയ്ത പണം കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. കവര്‍ച്ച നടന്ന് ഒരു വര്‍ഷത്തിനിപ്പുറവും ഖത്തറില്‍ പരാതിയോ കാര്യമായ അന്വേഷണമോ ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്നാണ് മനസിലാവുന്നത്.
ഖത്തറില്‍വെച്ച് പണം നഷ്ടപ്പെട്ടെന്ന് പറയുന്ന കെ.എം.സി.സി ഇതുവരെ സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല. ഒരു വര്‍ഷത്തിനിപ്പുറം കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ തലശ്ശേരി സ്വദേശിയാണ് പരാതി നല്‍കിയത്. കേസ് ഒത്തുതീര്‍പ്പാക്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കേണ്ടതുണ്ടെന്നും ഡി.വൈ.എഫ്.ഐ അഭിപ്രായപ്പെട്ടു. ആറ് പ്രതികളുള്ള കേസില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത നാലാം പ്രതി പരപ്പില്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.
നിലവില്‍ കൊയിലാണ്ടി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലീസ് ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. പ്രതികളുടേതെന്ന പേരില്‍ ഒത്തുതീര്‍പ്പ്-ഭീഷണി ഓഡിയോ വീഡിയോ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.
Share news