സിപിഐഎം മുൻ സംസ്ഥാന സമിതി അംഗം കെ പി സഹദേവൻ അന്തരിച്ചു
.
കണ്ണൂർ: കമ്യൂണിസ്റ്റ്–തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ പി സഹദേവൻ (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് അന്ത്യം.

സിഐടിയു സംസ്ഥാന സെക്രട്ടറിയായിരുന്നു. പതിനെട്ടാം വയസിൽ ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ച് ആറര പതിറ്റാണ്ടിലേറെ കാലം സ്വജീവിതം നിസ്വ വർഗത്തിനായി സമർപ്പിച്ച ശേഷമാണ് വിടവാങ്ങുന്നത്. ജീവന്റെ അവസാന ശ്വാസം വരെയും തൊഴിലാളി വർഗത്തിന്റെ അവകാശപോരാട്ടങ്ങൾക്ക് വേണ്ടി നിലകൊണ്ടു.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ പി ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനം തുടങ്ങുന്നത്. തുടർന്ന് എണ്ണമറ്റ യൂണിയനുകൾക്ക് രൂപംകൊടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം, ബീഡി ആന്റ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു.




