KOYILANDY DIARY.COM

The Perfect News Portal

വയലാർ സാഹിത്യ പുരസ്‌കാരം ആർ രാജശ്രീയുടെ ആത്രേയകത്തിന്

.

50-ാമത് വയലാർ സാഹിത്യ പുരസ്‌കാരം ആർ രാജശ്രീയുടെ ആത്രേയകത്തിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപ്പവും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. വയലാർ രാമവർമയുടെ ചരമദിനമായ 27ന് വൈകിട്ട്‌ 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പുരസ്‌കാരം സമ്മാനിക്കും. ആത്രേയകം എന്ന സാങ്കൽപ്പിക ഗ്രാമമാണ് നോവലിന്റെ പശ്ചാത്തലം. മഹാഭാരതത്തിലെ ശിഖണ്ഡിയെ ഓർമിപ്പിക്കുന്ന നിരമിത്രൻ എന്ന കഥാപാത്രത്തിലൂടെയാണ്‌ കഥാവതരണം.

 

മഹാഭാരതത്തിലെ കഥാപാത്രത്തിന്‌ പുതിയ അർത്ഥതലങ്ങൾ സമ്മാനിക്കുന്നതാണ്‌ നോവലെന്നും ആദ്യത്തെയും അമ്പതാമത്തെയും വയലാർ പുരസ്‌കാരം സ്‌ത്രീ എഴുത്തുകാർക്ക്‌ സമ്മാനിക്കുന്ന മുഹൂർത്തമാണ്‌ ഇത്തവണത്തേതെന്നും ജഡ്‌ജിങ്‌ കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയലാർ സാഹിത്യത്തിലെ മികച്ച പഠനത്തിന്‌ ഏർപ്പെടുത്തിയ സി വി ത്രിവിക്രമൻ സ്‌മാരക പുരസ്‌കാരത്തിന്‌ സീനിയർ വിഭാഗത്തിൽ എറണാകുളം പട്ടിമറ്റം ചെങ്ങറ സ്വദേശി എം എസ്‌ ഉവൈസ്, ജൂനിയർ വിഭാഗത്തിൽ കോട്ടയം ചങ്ങനാശേരി എൻഎസ്‌എസ്‌ ഹിന്ദു കോളേജ്‌ വിദ്യാർഥിനി കെ എ ശ്രീനന്ദന എന്നിവർ അർഹരായി.

 

കവി പ്രഭാവർമ്മ പുരസ്‌കാരം പ്രഖ്യാപിച്ചു. കവി ഒ വി ഉഷ, നോവലിസ്റ്റ്‌ സുഭാഷ് ചന്ദ്രൻ, സാഹിത്യ നിരൂപകൻ വി. വിജയകുമാർ എന്നിവരായിരുന്നു ജഡ്‌ജിങ്‌ കമ്മിറ്റി അംഗങ്ങൾ. ട്രസ്റ്റ്‌ അംഗങ്ങളായ ഡോ. വി രാമൻകുട്ടി, ബി സതീശൻ എന്നിവരും ജഡ്‌ജിങ്‌ കമ്മിറ്റി അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ​

 

Share news