മൂടാടി കേളപ്പജി സ്മാരക വായനശാല കേളപ്പജി ചരമദിനം ആചരിച്ചു
.
മൂടാടി: കേരള ഗാന്ധി കേളപ്പജിയുടെ ചരമദിനം മൂടാടി കേളപ്പജി സ്മാരക വായനശാല സമുചിതമായി ആചരിച്ചു. കേളപ്പജിയുടെ ഛായ ചിത്രത്തിന് മുമ്പിൽ വായനശാല പ്രസിഡണ്ട് വി. വി. ബാലൻ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കേളപ്പജി അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് വി വി ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലഗോപാൽ പായിച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി.


പൊതുപ്രവർത്തകർക്ക് എക്കാലവും അനുകരിക്കാവുന്ന മാതൃകയും ധാർമിക മൂല്യം ഉയർത്തിപ്പിടിച്ച രാഷ്ട്രീയക്കാരനും ആയിരുന്നു കേളപ്പജിയെന്ന് ബാലഗോപാൽ പായിച്ചേരി അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. കലാസമിതി പ്രസിഡണ്ട് ഒ. ടി. വിജയൻ, വനിതാ വേദി അധ്യക്ഷ സ്വപ്ന ഉണ്ണികൃഷ്ണൻ എന്നിവർ സമ്മാനദാനത്തിന് നേതൃത്വം നൽകി. ലൈബ്രറി കൗൺസിൽ താലൂക്ക് കൗൺസിൽ അംഗം കെ. വി. സത്യൻ, സമിതി കൺവീനർ കെ. സി. പ്രശാന്തൻ എന്നിവർ സംബന്ധിച്ചു.




