KOYILANDY DIARY

The Perfect News Portal

പത്തനംതിട്ടയിൽ മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം രക്ഷാപ്രവർത്തനത്തിലുള്ള പിഴവെന്ന് ആക്ഷേപം.

പത്തനംതിട്ട: മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ ഉണ്ടായ അപകടമരണം രക്ഷാപ്രവർത്തനത്തിലുള്ള പിഴവെന്ന് ആക്ഷേപം. കല്ലൂപ്പാറ പാലത്തിങ്കൽ കാക്കരകുന്നിൽ ബിനു സോമൻ (34) ആണ് മോക്ഡ്രില്ലിനിടെ മുങ്ങി മരിച്ചത്. മല്ലപ്പള്ളിക്ക് സമീപം മണിമലയാറ്റിലെ പടുതോട് കടവിൽ വ്യാഴാഴ്‌ച രാവിലെ ഒൻപതരയ്ക്കാണ് സംഭവമുണ്ടായത്.

സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചുരുന്നു. ഇതിൻ്റെ ഭാഗമായി ബിനു അടക്കം നാല് പേരെ ഗ്രാമ പഞ്ചായത്ത് ഇടപെട്ടാണ് മോക്ഡ്രില്ലിന് എത്തിച്ചത്. പടുതോട് പാലത്തിന് മുകളിൽ പുറമറ്റം പഞ്ചായത്തിലെ കടവിൽ കുറച്ചുപേർ ഒഴുക്കിൽപ്പെടുന്ന രംഗം ചിത്രീകരിക്കാൻ വേണ്ടി ബിനു ഉൾപ്പെടെ നാലുപേരെ ആറ്റിലേക്ക് ഇറക്കുകയായിരുന്നു.

എന്നാൽ വെള്ളത്തിൽ ഇറങ്ങിയ ബിനു സോമൻ യഥാർഥത്തിൽ മുങ്ങിത്താണു. വെപ്രാളത്തിൽ ഇയാൾ പലവട്ടം കൈകൾ ഉയർത്തിയെങ്കിലും അഭിനയമാണെന്നാണ് കരയിൽ നിന്നവർ കരുതിയത്. തുടർന്ന് ഇരുപത് മിനിറ്റോളം നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയിൽ നിന്ന് എൻ.ഡി.ആർ.എഫ്. സ്‌കൂബാ ഡ്രൈവർ അനിൽ സാഹുവാണ് ബിനുവിനെ കണ്ടെത്തിയത്.

Advertisements

ബോട്ടിൽ കയറിയെങ്കിലും യന്ത്രം പ്രവർത്തിക്കാതിരുന്നതോടെ തുഴഞ്ഞും കയർ കെട്ടി വലിച്ചുമാണ് ഒടുവിൽ കരയ്ക്കെത്തിച്ചത്. തുടർന്ന് ആംബുലൻസിൽ കയറ്റി ഉടനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. നേരിയ തോതില്‍ നാഡി സ്പന്ദനമുള്ളതിനാൽ വെൻ്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടേകാലോടെ മരണം സംഭവിച്ചു.

എന്നാൽ സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ബോട്ട് ഇറക്കാൻ വേണ്ടി പഞ്ചായത്ത് നിർദേശിച്ച സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയത്. ബിനു സോമൻ മുങ്ങിയത് ചെളി കൂടിയ ഭാഗത്തായിരുന്നു. ഇവിടെ മുൻപും നിരവധി മരണങ്ങൾ നടന്നിട്ടുണ്ട്. കൂടാതെ രക്ഷാപ്രവർത്തനത്തിനെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾ യന്ത്ര തകരാറുള്ളതായിരുന്നു. മുങ്ങി താഴുന്നത് കണ്ടിട്ടും രക്ഷാ പ്രവർത്തകർ എത്തിയത് 30 മിനിറ്റിന് ശേഷമാണ്. മോക്ഡ്രില്ലിനെത്തിയ ഉദ്യോഗസ്ഥർക്ക് നീന്തൽ അറിയില്ലായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. യുവാവിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിച്ച ആംബുലൻസിൽ ഓക്‌സിജനും ഉണ്ടായിരുന്നില്ല.