KOYILANDY DIARY

The Perfect News Portal

ഇരിങ്ങൽ സർഗാലയയിൽ കരകൗശലത്തിലും കൈപ്പുണ്യത്തിലും ശ്രദ്ധ നേടി ഉസ്ബക്കിസ്ഥാൻ സംഘം

പയ്യോളി:  ഇരിങ്ങൽ സർഗാലയയിൽ നടക്കുന്ന രാജ്യാന്തര കലാ-കരകൗശല മേളയിൽ കരകൗശലത്തിലും കൈപ്പുണ്യത്തിലും ഉസ്ബക്കിസ്ഥാൻ പ്രതിനിധികൾ ശ്രദ്ധ നേടുന്നു. പത്താമത് രാജ്യാന്തര മേളയിലെ താരങ്ങളാണ് ഈ രാജ്യത്തു നിന്നുള്ള ഏഴംഗ സംഘം. മേളയുടെ പങ്കാളിത്ത രാജ്യം കൂടിയാണ് ഉസ്ബക്കിസ്ഥാൻ.

രാജ്യതലസ്ഥാനമായ താഷ്കൻ്റിൽ നിന്നുള്ള സുൽത്താനോവ് ഉമിത്, സഹോദരി ഷഹ്നോസ എന്നിവരുടെ പവിലിയനും അവിടെ നിന്നുള്ള എംബ്രോയ്ഡറി ആർട്ടിസ്റ്റ് നീനുഫറും സുഹൃത്ത് ഫിർഗാനയിൽ നിന്നുള്ള സെറാമിക് ആർട്ടിസ്റ്റ് അഹദ് ജോൻ റിഷ്താനും അവതരിപ്പിക്കുന്ന മറ്റൊരു പവിലിയനും ഇവിടെയുണ്ട്. ഷഹനായുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം സഞ്ചാരികൾക്കായി ഒരുക്കുന്ന ഉസ്ബക്കിസ്ഥാൻ്റെ ഭക്ഷണ വിഭവങ്ങളും ശ്രദ്ധ നേടുന്നുണ്ട്.

പെയിൻ്റ് കൊണ്ട് കരവിരുതിൽ മനോഹരമാക്കിയ സെറാമിക് പ്ലേറ്റുകൾ, കപ്പ് സോസറുകൾ, ജഗ്ഗുകൾ, കൗതുക വസ്തുക്കൾ, കീ ചെയിനുകൾ, കളിപ്പാട്ടങ്ങൾ‍, കമ്മലുകൾ, മാലകൾ, എംബ്രോയ്ഡറി ചെയ്ത തുണിത്തരങ്ങൾ, പരമ്പരാഗതമായി ധരിക്കുന്ന തൊപ്പികൾ, കോട്ടൺ, സിൽക് തുണികൾ ചേർത്ത് തയാറാക്കിയ വസ്ത്രങ്ങൾ എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. 50 രൂപ മുതൽ 3500 രൂപ വരെയുള്ള കരകൗശല വസ്തുക്കൾ പവിലിയനുകളിൽ ലഭ്യമാണ്. വൈകുന്നേരം മുതൽ ഉസ്ബക്കിസ്ഥാൻ്റെ ഭക്ഷണ ശാലയിൽ സന്ദർശകർക്ക്  രുചികരമായ മട്ടൻ ബിരിയാണിയും നൽകുന്നുണ്ട്.

Advertisements