സ്ത്രീസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് സുപ്രീം കോടതി
.
സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. അർദ്ധരാത്രിയിൽ റോഡിലൂടെയോ മെട്രോയിലോ യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകളും പൂർണ്ണ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ പൊലീസിന് കഴിയണമെന്ന് സുപ്രീം കോടതി. സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ ചെയ്യാൻ മുതിരുന്നവരുടെ മനസ്സിൽ കടുത്ത ഭയവും ആശങ്കയും ഉണ്ടാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം.

കുറ്റകൃത്യങ്ങൾ നടന്നതിനു ശേഷം നടപടി എടുക്കുന്നതിന് പകരം, അത്തരം കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയുന്നതിലാണ് പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബസ് സ്റ്റോപ്പുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്കൂൾ-കോളേജ് പരിസരങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കൃത്യമായ തത്സമയ നിരീക്ഷണവും കമാൻഡ് സെന്ററുകളും ഇല്ലാതെ വെറുതെ സിസിടിവി സ്ഥാപിച്ചതുകൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആസ്ത കുഞ്ച് പാർക്കിൽ നടന്ന കൂട്ടബലാത്സംഗം, സ്വരൂപ് നഗറിലെ ദാരുണമായ സംഭവം, ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്കുള്ള ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നേരിട്ട അതിക്രമം എന്നിവ ഓർമ്മിപ്പിച്ച കോടതി, ഇവ 2012-ലെ നിർഭയ സംഭവത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നതാണെന്ന് ആശങ്ക പ്രകടിപ്പിച്ചു.




