പ്രമുഖ നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
.
പ്രമുഖ നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. അസുഖബാധിതയായി ഏറെ നാൾ കിടപ്പിലായിരുന്നു. നാടക സിനിമാ സാഹിത്യ ലോകത്തിന് തീരാനഷ്ടമാണ് സാവിത്രിയുടെ വിയോഗം. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് 2019ൽ മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകി സർക്കാർ ആദരിച്ചിരുന്നു.

66-ാംമത് ദേശീയ പുരസ്‌കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. 40 വർഷം നീണ്ടു നിന്ന നാടകഭിനയജീവിതമാണ് സാവിത്രിയുടേത്. പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. അമച്ച്വർ നാടക രംഗത്ത് 20 വർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്.

1991ല്‍ എം ടിയുടെ കടവ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് വെള്ളിത്തിരയിലേക്കുവരുന്നത്. പിന്നീട് സിനിമയില്‍ നിന്നും കുറച്ചുകാലം വിട്ടുനിന്ന സാവിത്രി, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു.



