കേരള ഫയർ ഫോഴ്സിൽ സ്റ്റേഷൻ മാസ്റ്ററാവാൻ അവസരം: ശമ്പളം 43,400 മുതൽ
.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസിൽ സ്റ്റേഷൻ ഓഫീസർ തസ്തികയിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. നിലവിൽ ഒരൊഴിവ് മാത്രമാണുള്ളതെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനുള്ളിൽ വരുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ പരിഗണിക്കും.

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സയൻസിൽ ബിരുദം നേടിയവർക്ക് മുൻഗണന. സ്പോർട്സ് മേഖലയിൽ കഴിവ് തെളിയിച്ചവർക്കും എൻസിസി എസ്പിസി സർട്ടിഫിക്കറ്റുള്ളവർക്കും വെയിറ്റേജ് ലഭിക്കും. 20 മുതൽ 35 വയസ് വരെയാണ് പ്രായപരിധി. എസ്.സി എസ്ടി വിദ്യാർത്ഥികൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

പൊതുവിഭാഗത്തിലുള്ളവർക്ക് ഉയരം 165 സെന്റി മീറ്ററും എസ്.സി എസ്ടി വിഭാഗത്തിലുള്ളവർക്ക് 160 സെന്റി മീറ്ററും വേണം. പൊതുവിഭാഗത്തിലുള്ളവർക്ക് 50 കിലോ ഗ്രാം ഭാരവും എസ്.സി എസ്ടി വിഭാഗത്തിലുള്ളവർക്ക് 48 കിലോഗ്രാം ഭാരവും വേണം. കണ്ണടയില്ലാതെ കാഴ്ചശക്തി ഉണ്ടായിരിക്കുകയും വേണം. എഴുത്തുപരീക്ഷ, ഓൺലൈൻ പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അർഹരെ തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് കേരളത്തിലെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.




