KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പണാപഹരണം നടത്തിയതിനെ തുടർന്ന് പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു

.

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പണാപഹരണം നടത്തിയതിനെ തുടർന്ന് പിരിച്ചുവിട്ട ജീവനക്കാരിയെ കോടതിയിൽ കേസ് നിലനിൽക്കെ തിരിച്ചെടുത്തു. എക്സിക്യൂട്ടീവ് ഓഫീസർ  തിടുക്കപ്പെട്ട് തീരുമാനമെടുത്തതോടെ സംഭവം വിവാദത്തിലായിരിക്കുകയാണ്. 5 വർഷം മുമ്പ് പിരിച്ചുവിട്ട കൊല്ലം നാണോത്ത് ഗീതയെയാണ് ഇപ്പോൾ എൽഡി ക്ലാർക്ക് പോസ്റ്റിൽ പുനർ നിയമനം നടത്തിയിട്ടുള്ളത്. 2021ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭണ്ഡാരം തുറന്ന് പണം എണ്ണുന്നതിനിടെ വൻ തുക അപഹരിച്ച സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ ക്രൈം നമ്പർ 369/22 കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇപ്പോൾ കൊയിലാണ്ടി കോടതിയിൽ R C No. 20/26 CMP No. 246/26 കേസ് നിലനിൽക്കുന്നുണ്ട്. ഒക്ടോബർ 30ന് കോടതിയിൽ വീണ്ടും വാദം കേൾക്കാനിരിക്കെയാണ് തിടുക്കപ്പെട്ട് പുനർ നിയമനം നടത്തിയിട്ടുള്ളത്. അതിനിടെ ഗീത ഇന്ന് ഓഫീസിലെത്തി ചുമതലയേൽക്കുകയും ചെയ്തു.

പിരിച്ചുവിട്ട ജീവനക്കാരി കൊടുത്ത പരാതിയെ തുടർന്ന് സംസ്ഥാന റവന്യൂ വകുപ്പ് അഡിഷണൽ സെക്രട്ടറി തീരുമാനം എടുക്കാൻ ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു. ആ കത്തിൻ്റെ അടിസ്ഥാനത്തിൽ ട്രസ്റ്റി ബോർഡിനെ അറിയിക്കാതെയും ചർച്ച നടത്താതെയുമാണ് ഇപ്പോൾ എക്സിക്യൂട്ടീവ് ഓഫീസർ ധൃതിപ്പെട്ട് തീരുമാനം എടുത്തതെന്ന് ആക്ഷേപം ഉയരുകയാണ്. കൊയിലാണ്ടി എംഎൽഎ പ്രവീൺ കുമാറിൻ്റെ സഹായത്തോടെ ചില കോൺഗ്രസ് നേതാക്കൾ റവന്യൂ വകുപ്പിനെ സ്വാധീനിച്ച് ഉത്തരവിറക്കുകയാണെന്ന ആക്ഷേപവും ഉയർന്നിരിക്കുകയാണ്.

പണാപഹരണം നടത്തിയ ജീവനക്കാരിയെ കോടതി നടപടിക്രമങ്ങൾ തീരാതെ വീണ്ടും പുനർ നിയമനം നടത്തിയതോടെ ജീവനക്കാരുടെ ഇടയിലും ഭക്തജനങ്ങളുടെ ഇടയിലും പ്രതിഷേധം ഉയരുകയാണ്. തീരുമാനം പുനപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Share news