KOYILANDY DIARY

The Perfect News Portal

ഇരുചക്ര യാത്രികരെ ബോധവത്കരിക്കുന്നതിനായി ‘ലൈൻ ട്രാഫിക് ’ പദ്ധതി.

ഇരുചക്ര യാത്രികരെ ബോധവത്കരിക്കുന്നതിനായി ‘ലൈൻ ട്രാഫിക് ’ പദ്ധതി. കോഴിക്കോട്: വാഹന അപകടങ്ങളെ പ്രതിരോധിക്കാൻ സർക്കാറിൻ്റെ നേതൃത്വത്തിൽ  ‘ലൈൻ ട്രാഫിക് ’ ബോധവത്കരണത്തിന് തുടക്കം. ബോധവത്കരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കൊടുവള്ളിയിൽ ഗതാഗത മന്ത്രി ആൻ്റണി രാജു നിർവഹിച്ചു. കേരളത്തെ വാഹന അപകടരഹിത സംസ്ഥാനമാക്കുന്നതിന് അടിസ്ഥാനപരമായ നിർദേശങ്ങളും മാർഗങ്ങളുമാണ് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അപകടങ്ങൾ ലഘൂകരിക്കുന്നതിനായി മോട്ടോർ വാഹന നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് സ്കൂൾ കരിക്കുലത്തിൽ പ്രത്യേക പദ്ധതിയാണ് വകുപ്പ് നടപ്പാക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നിലവിൽ വരുന്നത്. പ്ലസ് വൺ, പ്ലസ് ടു കരിക്കുലത്തിൽ അവരുടെ വിദ്യാഭ്യാസത്തിൻ്റ ഭാഗമായി മോട്ടോർ വാഹനനിയമങ്ങൾ, റോഡ് സുരക്ഷ നിയമങ്ങൾ, റോഡ് നിയമങ്ങൾ എന്നിവ പഠിപ്പിക്കുന്നതിന് പുസ്‌തകം തയാറാക്കി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും കൈമാറി.

ഇത് കരിക്കുലത്തിൻ്റെ ഭാഗമായാൽ പ്ലസ് ടു ജയിക്കുന്ന 18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥിക്ക് നേരിട്ട് ഡ്രൈവിങ്ങ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയും വിധത്തിലാണ് പാഠ്യപദ്ധതി. നമ്മുടെ റോഡ് നിയമങ്ങളും റോഡ് സുരക്ഷയും സംബന്ധിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കിയാൽ അത് വീടുകളിലേക്കും കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements

ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് ഓഫിസർ ആർ. രാജീവ് സ്വാഗതവും എൻഫോഴ്‌സ്‌മെൻ്റ് ആർ. ടി. ഒ കെ. ബിജുമോൻ നന്ദിയും പറഞ്ഞു.