KOYILANDY DIARY

The Perfect News Portal

പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് സർവ്വകലാശാലക്ക് നിയമോപദേശം

കൊച്ചി: ഡോ. പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവ്വകലാശാലയ്ക്ക് സ്റ്റാൻഡിംഗ് കൗൺസിൽ നിയമോപദേശം നൽകി. ഹൈക്കോടതി ഉത്തരവോടെ ഗവർണറുടെ സ്റ്റേ നിലനിൽക്കില്ലെന്നും നിയമന നടപടിയുമായി സർവ്വകലാശാലയ്ക്ക് മുന്നോട്ട് പോകാമെന്നുമാണ് നിയമോപദേശം. ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ ഐ വി. പ്രമോദ് ആണ് നിയമോപദേശം നൽകിയത്.

നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കിൽ മാത്രമാണ് ചാൻസലർക്ക് ഇടപെടാൻ കഴിയുക. യൂണിവേഴ്സിറ്റി ആക്ട് സെക്ഷൻ 7 പ്രകാരം ഇതിന് ചാൻസലർക്ക് അധികാരമുണ്ട്. നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാൻസലറെ അറിയിച്ച് നടപടികൾ തുടങ്ങാം എന്നും സ്റ്റാൻഡിംഗ് കൗൺസിൽ പറഞ്ഞു. ആഗസ്റ്റ് 17 നാണ് നിയമനം മരവിപ്പിച്ചു ഗവർണർ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് ഗവർണർ ഇതുവരെ റദാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമോപദേശം ലഭിച്ചത്.