KOYILANDY DIARY

The Perfect News Portal

കേരളത്തിന്റെ ഭാവി നിർണയിക്കുക ജ്ഞാന സമൂഹം; എം വി. ഗോവിന്ദൻ

തൃശൂർ: കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ ഏറ്റവും പ്രധാനം പണമല്ല, ജ്ഞാന സമൂഹമാണെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. അറിവും ബുദ്ധിയുമാണ്‌ പ്രധാന സമ്പത്ത്‌. ആ ബുദ്ധി ഉപയോഗിച്ച്‌ നമുക്ക്‌ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനാകും. അത്തരത്തിൽ വിദ്യാഭ്യാസത്തെയും അറിവിനെയും രൂപപ്പെടുത്താനാകണം. അതിനായി നാട്‌ ഒരുങ്ങിക്കഴിഞ്ഞു.

സ്‌റ്റെയ്‌പ്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു മാധ്യമത്തിനും മൂലധന നിക്ഷേപമുണ്ട്‌. ഏത്‌ മൂലധനത്തിനും  ലക്ഷ്യം ലാഭമാണ്‌. അതിൽനിന്ന്‌ വ്യത്യസ്‌തമായി, ജനങ്ങളുടെ കൈയിൽനിന്ന്‌ ശേഖരിച്ച ചില്ലിക്കാശുകൊണ്ടുണ്ടായ പത്രമാണ്‌ ദേശാഭിമാനി. ദേശാഭിമാനിക്ക്‌ മുതലാളിയില്ല. ജനങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന ഏക പത്രം ദേശാഭിമാനിയാണ്‌.

Advertisements

കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ സമാനതകളില്ലാത്ത പങ്കുവഹിച്ച ഏറ്റവും പ്രധാന പത്രമാണിത്‌. വലതുപക്ഷ ആശയങ്ങൾ ഉൽപ്പാദിപ്പിക്കുകയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്രചാരണത്തിന്‌ നേതൃത്വം നൽകുകയും ചെയ്യുന്ന, ലോകത്തിലെ ഏറ്റവും പ്രധാന മാധ്യമ ശൃംഖലയുള്ള നാട്‌ കേരളമാണ്‌. അവിടെ, ദേശാഭിമാനിക്ക്‌ ഒരുപാട്‌ ദൗത്യം നിർവഹിക്കാനുണ്ട്‌.

Advertisements

പത്രസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ദേശാഭിമാനിയേയും ഇടതുപക്ഷപ്രസ്ഥാനത്തേയും ആരും പഠിപ്പിക്കേണ്ടതില്ല. കാരണം, അത്‌ സ്വയം പഠിച്ചവരാണ്‌. വിജ്ഞാനം എന്ന്‌ പറയുന്നത്‌ പ്രയോഗികത, സാമൂഹ്യപരത, ചരിത്രപരത, വിനിമയപരത എന്നിവ ചേർന്നതാണ്‌. ഈ ഉത്സവത്തിൽ ജയിച്ചവരെ മാത്രമല്ല, തോറ്റവരേയും അഭിനന്ദിക്കുകയാണ്‌. തോൽക്കാതെ ജയിക്കാനാകില്ലെന്നോർക്കണം. ശാസ്‌ത്രീയ പഠനമില്ലെങ്കിൽ ജ്ഞാനം നേടാനാകില്ലെന്നും എം വി. ഗോവിന്ദൻ പറഞ്ഞു.