KOYILANDY DIARY

The Perfect News Portal

ഗവർണർമാർക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കേരളവും തമിഴ്‌നാടും

തിരുവനന്തപുരം: ഗവർണർമാർക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കേരളവും തമിഴ്‌നാടും. ഗവർണർക്കെതിരായ നിലപാടിൽ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടി കത്തിലാണ് എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിനെ അറിയിച്ചത്.

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഒപ്പിടുന്നില്ലെന്നാണ് സ്റ്റാലിന്‍ ഉന്നയിച്ച പ്രധാന ആരോപണം. ഗവര്‍ണര്‍മാര്‍ക്കെതിരെ പ്രമേയം പാസാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെടുന്നു. സ്റ്റാലിന്റെ നിര്‍ദേശം ഗൗരവതരമാണെന്നും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെഡറൽ സംവിധാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റം ഗവർണർമാർ നടത്തുന്നതായി കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ അഭിപ്രായപ്പെടുന്നു. ബില്ലുകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും ഗവർണർമാർ ഒപ്പിടാത്ത സാഹചര്യമാണുള്ളതെന്നും ഇരുസർക്കാരുകളും പറയുന്നു.