ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ പുരുഷന്മാരുടെ റിക്കേർവ് ടീം ഇനത്തിൽ ഇന്ത്യക്ക് വെള്ളി
.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആർച്ചറി മെഡൽ വേട്ട തുടരുന്നു. പുരുഷന്മാരുടെ റിക്കേർവ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി സ്വന്തമാക്കി. ഫൈനലിൽ ദക്ഷിണ കൊറിയയോട് 1-5 നാണ് പരാജയപ്പെട്ടത്. ധീരജ് ബൊമ്മദേവര, യഷ്ദീപ് ഭോഗെ, നീരജ് ചൗഹാൻ എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് വെള്ളി നേടിയത്.

ഇതോടെ ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള മെഡൽ നേട്ടം 4 സ്വർണ്ണം, 2 വെള്ളി, 1 വെങ്കലവുമുൾപ്പെടെ ഏഴായി ഉയർന്നു. ആദ്യ സെറ്റിൽ കൊറിയക്കെതിരെ കടുത്ത പോരാട്ടമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇരു ടീമുകളും 56 പോയിന്റ് വീതം നേടി സമനില പാലിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. എന്നാൽ രണ്ടാം സെറ്റിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത കൊറിയ 57-50 എന്ന സ്കോറിന് ലീഡ് പിടിച്ചു.

നിർണായകമായ മൂന്നാം സെറ്റിൽ ഇന്ത്യ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും 54-56 എന്ന സ്കോറിന് സെറ്റും മത്സരവും കൊറിയ സ്വന്തമാക്കുകയായിരുന്നു. സെമിഫൈനലിൽ ഇറാനെ 6-0 എന്ന നിലയിൽ തകർത്താണ് ധീരജും സംഘവും ഫൈനലിൽ പ്രവേശിച്ചത്.




