KOYILANDY DIARY.COM

The Perfect News Portal

‘ഗിഗോൺ’: ഗിഗ് തൊഴിലാളികൾക്കായുള്ള ജില്ലാതല വിശ്രമ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

.
കോഴിക്കോട് ജില്ലയിൽ ഗിഗ് തൊഴിലാളികൾക്കായുള്ള വിശ്രമ കേന്ദ്രം ‘ഗിഗോൺ’ നടക്കാവിൽ പ്രവർത്തനമാരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സജ്ജീകരിച്ച ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഓൺലൈനായി നിർവഹിച്ചു. ഗിഗ് തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും വിശ്രമ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി തിരുവനന്തപുരത്ത് നടന്ന, വിശ്രമ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ പറഞ്ഞു.
വിശ്രമ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ കെ എം സുനിൽ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ മുഖ്യാതിഥിയുമായിരുന്നു. പരിപാടിയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ. സന്തോഷ്, സ്വിഗ്ഗി, പൊട്ടാഫോ, സോമാറ്റോ, ബ്ലിങ്കിറ്റ് എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള  ഗിഗ് തൊഴിലാളി പ്രതിനിധികൾ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) വി സബിഷ സ്വാഗതവും ജില്ലാ ലേബർ ഓഫീസർ (ജനറൽ) എം സിനി നന്ദിയും പറഞ്ഞു.
ഗിഗോൺ ജില്ലാ വിശ്രമ കേന്ദ്രത്തിൽ കുടിവെള്ളം, വൈഫൈ, ചാർജിങ് പോയിന്റ്, ശുചിമുറി എന്നീ സൗകര്യങ്ങളുണ്ട്. ഗിഗോൺ വിശ്രമകേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തിരുവനന്തപുരം എറണാകുളം കോഴിക്കോട് നഗരങ്ങളിലാണ് വിശ്രമ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിൽ ആയാണ് വിശ്രമ കേന്ദ്രം പ്രവർത്തിക്കുക. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് വേണ്ടി ഒരു കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
Share news