എറണാകുളം ഡിസിസി ഓഫീസിനു മുമ്പിൽ വി ഡി സതീശനെതിരെ ഫ്ലക്സ് ബോർഡ്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ ഫ്ലക്സ് ബോർഡ്. രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ പിആർ വർക്കിൽ താറടിച്ച് കാണിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്നാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് ഇറക്കിയത്.

ഇതോടെ കോൺഗ്രസിലെ മുഖ്യമന്ത്രി പോര് മുറുകുകയാണ്. കണ്ണൂരിനും മലപ്പുറത്തിനും പിന്നാലെ വി ഡി സതീശനുവേണ്ടി ആലുവയിലും ഫ്ലക്സ് ബോർഡ് ഉയർന്നത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയർന്നത്. ‘യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും’ എന്നാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്. ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനും പ്രതിഛായ വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഓരോ നേതാക്കളും നടത്തുകയാണ്.

വിക്കിപീഡിയയിൽ കെസി വേണുഗോപാലിന്റെ പേജിൽ മുഖ്യമന്ത്രിയെന്ന് മാറ്റം വരുത്തിയത് ചർച്ചയായിരുന്നു. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി എന്ന നിലയിലാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ ആറു മണിയ്ക്കാണ് വിക്കി പേജിൽ മുഖ്യമന്ത്രിയെന്നാക്കിയത്. പിന്നീടത് എഡിറ്റ് ചെയ്ത് മാറ്റുകയും ചെയ്തു.




