ഫാം ഫോട്ടോഗ്രാഫി മത്സരം: എൻട്രികൾ ക്ഷണിച്ചു
.
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ‘കാർഷികകേരളം പുതുയുഗപ്പിറവിയിലേക്ക്’ എന്നതാണ് മത്സരത്തിന്റെ പ്രമേയം. പ്രായപരിധിയില്ലാതെ ഫോട്ടോഗ്രാഫി താൽപര്യമുള്ളവർ, കർഷകർ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം.

കേരളത്തിന്റെ കാർഷിക മേഖലയിൽ രൂപപ്പെടുന്ന പുതിയ മാറ്റങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കാർഷിക സംരംഭങ്ങളും കൂട്ടായ്മകളും ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.
മത്സരത്തിൽ പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 20000, 10000, 5000 രൂപ വീതമാണ് സമ്മാനത്തുക. തിരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങൾക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.

ഒരു മത്സരാർത്ഥിക്ക് പരമാവധി മൂന്ന് ചിത്രങ്ങൾ സമർപ്പിക്കാം. ചിത്രങ്ങൾക്ക് കുറഞ്ഞത് 300 ഡി പി ഐ റെസല്യൂഷനും മൂന്ന് എംബി ഫയൽ വലുപ്പവും ഉണ്ടായിരിക്കണം. ഡിജിറ്റൽ എഡിറ്റിംഗ് നടത്തിയ ചിത്രങ്ങളും മുൻ വർഷങ്ങളിൽ മത്സരത്തിന് സമർപ്പിച്ച ചിത്രങ്ങളും പരിഗണിക്കുന്നതല്ല.
മത്സരാർത്ഥികൾ ചിത്രങ്ങൾ സെപ്റ്റംബർ 30 നകം farmphotography2026@gmail.com എന്ന ഇ.മെയിൽ വിലാസത്തിൽ അയയ്ക്കണം.
ഫോൺ : 8078095860



