KOYILANDY DIARY

The Perfect News Portal

സിപിഐ(എം) ബോളിറ്റ് ബ്യൂറോ അംഗമായി എം.വി. ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തു

സിപിഐ(എം) ബോളിറ്റ് ബ്യൂറോ അംഗമായി എം.വി. ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തൂരുമാനം കൈക്കൊണ്ടത്. പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് സംസ്ഥാന സെക്രട്ടറികൂടിയായ എം.വി ഗോവിന്ദൻ മാസ്റ്ററെ പിബിയിലേക്ക് തെരഞ്ഞെടുത്തത്. തീരുമാനം ഏകകണ്ഠമായിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ആയിരിക്കെയാണ് കേന്ദ്രകമ്മിറ്റിയംഗമായ എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാകുന്നത്.

1996ലും 2001ലും 2021ലും തളിപ്പറമ്പിൽനിന്ന്‌ നിയമസഭയിലെത്തി. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ വൈസ്‌ പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു. സിപിഐ എം കാസർകോട്‌ ഏരിയ സെക്രട്ടറിയായും കണ്ണൂർ, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദേശാഭിമാനി, മാർക്‌സിസ്‌റ്റ്‌ സംവാദം ചീഫ്‌ എഡിറ്ററായിരുന്നു.

Advertisements

തളിപ്പറമ്പ്‌ പരിയാരം ഇരിങ്ങൽ യുപി സ്‌കൂളിൽ കായികാധ്യാപകനായിരിക്കെ സ്വയം വിരമിച്ച്‌ രാഷ്‌ട്രീയരംഗത്ത്‌ സജീവമായി. അടിയന്തരാവസ്ഥയിൽ ജയിലിലായി. കടുത്ത പൊലീസ്‌ വേട്ടയ്‌ക്ക്‌ ഇരയായി. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യൻ ദർശനത്തിൽ, സ്വത്വരാഷ്ട്രീയത്തെപ്പറ്റി, ചൈനാ ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, കർഷക തൊഴിലാളി പ്രസ്ഥാനം ചരിത്രവും വർത്തമാനവും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Advertisements

കണ്ണൂർ മൊറാഴയിൽ 1953 ഏപ്രിൽ 23നാണ്‌ ജനനം. പരേതരായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയുടെയും മകൻ. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ  സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയുമായ പി കെ ശ്യാമള‌യാണ്‌ ഭാര്യ. മക്കൾ: ജി എസ്‌ ശ്യാംജിത്ത് (ചലച്ചിത്ര പ്രവർത്തകൻ), ജി എസ്‌ രംഗീത് (അഭിഭാഷകൻ, കണ്ണൂർ). മരുമകൾ: സിനി നാരായണൻ (യുഎസ്‌ടി ഗ്ലോബൽ, തിരുവനന്തപുരം).