KOYILANDY DIARY

The Perfect News Portal

1300 വീടുകളിലേക്ക്‌  കെ ഫോൺ കണക്ഷൻ നൽകാൻ നടപടി തുടങ്ങി

തൃശൂർ: ജില്ലയിൽ 1300 വീടുകളിലേക്ക്‌  കെ ഫോൺ കണക്ഷൻ നൽകാൻ നടപടി തുടങ്ങി.  ആദ്യഘട്ടം  100  വീടുകളെവീതം തെരഞ്ഞെടുക്കുന്നതിനു മുന്നോടിയായി മണ്ഡലംതലങ്ങളിൽ അവലോകനയോഗങ്ങൾ പൂർത്തിയായി.   സംസ്ഥാന വൈദ്യുതി  ബോർഡിന്റെ ഇന്റർനെറ്റ്‌ സേവനങ്ങൾ   കെ ഫോൺ  കണക്ഷൻ വഴിയാക്കി.
കെഎസ്‌ഇബിയുടെ  ഔദ്യോഗിക സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രൂപപ്പെടുത്തിയ  സോഫ്‌റ്റ്‌ വെയർ ആപ്ലിക്കേഷനായ  ‘ഒരുമ’  കെ ഫോൺ വഴി ഇന്റർനെറ്റ്‌ ലഭ്യമാക്കിത്തുടങ്ങി.  ജില്ലയിൽ 10 കെഎസ്‌ഇബി ഓഫീസുകളിൽ ഇത്‌ നിലവിൽ  വന്നു.   കെ ഫോൺ ഉപയോഗവും  തുടങ്ങി.   നിരവധി  ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്കൂളുകളിലും സർക്കാർ വക   ഇന്റർനെറ്റ് എത്തി.
വീടുകളിലേക്ക്‌ എത്തിക്കുന്നതിനുള്ള മുൻഗണനാക്രമം നിശ്ചയിക്കുന്നതിന്‌ എംഎൽഎമാരുടെ നേതൃത്വത്തിലാണ്‌ നിയോജകമണ്ഡലംതലങ്ങളിൽ യോഗങ്ങൾ ചേർന്നത്‌. തദ്ദേശ സ്ഥാപനങ്ങളാണ്‌ വീടുകൾ തെരഞ്ഞെടുക്കുക. ഉന്നതവിദ്യാഭ്യാസത്തിന്‌ പഠിക്കുന്ന വിദ്യാർഥികളുള്ള കുടുംബങ്ങൾക്കും പട്ടികജാതി–വർഗ വിഭാഗങ്ങൾക്കും മുൻഗണനയുണ്ട്‌.
കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക്‌ ലിമിറ്റഡ് എന്ന  സംയുക്ത സംരംഭം ആരംഭിച്ചിട്ടുണ്ട്.  കെഎസ്ഇബിയുടെ ടവർ ലൈനുകൾ വഴിയും വൈദ്യുതിത്തൂണുകൾവഴിയുമാണ്‌  കേബിൾ കടന്നുപോവുന്നത്‌.  കളമശേരിയിൽനിന്നുള്ള ലൈൻ ജില്ലയിൽ മാടക്കത്തറ സബ്‌സ്‌റ്റേഷനിലാണ്‌  ഇറങ്ങുക.
ഇവിടെനിന്നും വിയ്യൂർ, ഒല്ലൂർ, പുതുക്കാട്‌, ചാലക്കുടി, കൊടകര സബ്‌സ്‌റ്റേഷനുകളിലെ  പോയിന്റ്‌   ഓഫ്‌  പ്രസന്റ്‌സ്‌ കേന്ദ്രങ്ങളിലേക്ക്‌ ലൈനുകൾ എത്തിക്കുന്ന പ്രവൃത്തി പൂർണമായി. ഇവിടെനിന്നും എന്റ്‌ ഓഫീസുകളായ സർക്കാർ ഓഫീസുകളിലേക്ക്‌  ഫൈബർ ലൈൻ എത്തിച്ചു. റാക്ക്‌ ഇൻസ്‌റ്റലേഷനും മോഡവും സ്ഥാപിച്ച്‌  കണക്ഷൻ നൽകിവരികയാണ്‌.  വീടുകളിലേക്ക്‌ എത്തിക്കാനുള്ള പ്രവൃത്തികളും നടക്കുന്നു. രണ്ടാംഘട്ട  പോയിന്റ്‌   ഓഫ്‌  പ്രസന്റ്‌സ്‌ കേന്ദ്രങ്ങളിലേക്ക്‌ ലൈനുകൾ എത്തിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു.