വീണ്ടും ബന്ധു നിയമനം: കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിൻ്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകി
.
വീണ്ടും ബന്ധു നിയമന വിവാദത്തിൽ വലഞ്ഞ് സർക്കാർ. കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിൻ്റെ ഭാര്യയ്ക്കാണ് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകിയിരിക്കുന്നത്. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി ജോലി നൽകുകയായിരുന്നു. കരാർ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40000 രൂപയാണ് ശമ്പളം.

ഒഴിവു വന്ന സമയത്ത് ബയോഡാറ്റ ലഭിച്ചപ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചതാണെന്ന് സീമാറ്റിന്റെ വാദം. ട്രാൻസ്ഫർ ചോദിച്ച ബന്ധുവായ പൊലീസുകാരനോട് നോ പറഞ്ഞെന്ന കോൺഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന്‍റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ മുൻപ് വൈറലായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇതിനു മുൻപും ബന്ധു നിയമനം വൻ വിവാദമായിരുന്നു.

മന്ത്രി ബിന്ദു കൃഷ്ണയുടെ ബന്ധുവിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചതും സണ്ണി ജോസഫിന്റെ ബന്ധുവിന് ജോലി നൽകിയതും വൻ ചർച്ചയായിരുന്നു. സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. വിവാദം കനത്തത്തോടെ ബെന്നി തോമസിന് രാജി വെക്കേണ്ടി വന്നു.




