പുളിയഞ്ചേരി യു.പി. സ്‌കൂളിന്റെ റെയിൻബോ 2026–27 ഓണോത്സവത്തിനും പുസ്തകോത്സവത്തിനും സംഘാടക സമിതി രൂപീകരിച്ചു
.
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി. സ്‌കൂളിന്റെ റെയിൻബോ 2026–27 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 21, 22, 23 തീയതികളിൽ ഓണോത്സവവും പുസ്തകോത്സവവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതിയും രൂപീകരിച്ചു. സ്‌കൂൾ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീലിഷ് എം.കെ. അധ്യക്ഷത വഹിച്ചു.

എസ്.എസ്.ജി. കൺവീനർ പ്രബീഷ് കണാരൻകണ്ടി, എംപിടിഎ ചെയർപേഴ്‌സൺ രാഗ്‌ലി രാജ് സി, കെ.പി. റീജ, കെ.വി. മുഹമ്മദലി, രാമകൃഷ്ണൻ പെരുങ്കുനി, അഖിൽ പി.സി, റഷീദ് പുളിയഞ്ചേരി, ബിജു എൻ.കെ, ഷബ്ന പി.പി, അപർണ കെ.ടി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു. ആഗസ്റ്റ് 21ന് ഓണോത്സവത്തോടൊപ്പം പുസ്തകോത്സവത്തിനും തുടക്കമാകും. കേരളത്തിലെ പ്രമുഖ പ്രസാധകരുടെയും എഴുത്തുകാരുടെയും പുസ്തകങ്ങളുടെ വിപുലമായ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും.

ഓണപ്പൂക്കളം, ഓണസദ്യ, വിവിധ ഓണക്കളികൾ എന്നിവയും സംഘടിപ്പിക്കും. വൈകുന്നേരം 5 മണിക്ക് അനശ്വര ഗായിക എസ്. ജാനകിയുടെ ഗാനങ്ങൾ കോർത്തിണക്കിയ “എസ്. ജാനകി നൈറ്റ്” കരോക്കെ ഗാനമേള അരങ്ങേറും. ആഗസ്റ്റ് 22ന് പുസ്തകോത്സവത്തിന്റെ ഭാഗമായി എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൂപ്പർ സിക്സ് ചതുരംഗം ഫാമിലി ക്വിസ് മത്സരം സംഘടിപ്പിക്കും. തുടർന്ന് സമ്മാന വിതരണവും നടക്കും. ആഗസ്റ്റ് 23 ഞായറാഴ്ച വൈകുന്നേരം വരെ പുസ്തകമേള തുടരും.



