KOYILANDY DIARY

The Perfect News Portal

ലഹരിമുക്ത സന്ദേശമുയർത്തി കൊയിലാണ്ടിയിൽ സായാഹ്ന കൂട്ടായ്മ

ലഹരിക്കെതിരെ കൊയിലാണ്ടിയിൽ സായാഹ്ന കൂട്ടായ്മ.. കൊയിലാണ്ടി നഗരസഭ, എക്സൈസ് വകുപ്പിന്റെ വിമുക്തിയുമായി സഹകരിച്ച് ലഹരിമുക്ത സായാഹ്നം സംഘടിപ്പിക്കുന്നു. നവംബർ 21 ന് തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് കൊയിലാണ്ടി നഗരസഭ ഇ എം എസ്  ടൗൺഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കത്തിച്ച മെഴുകുതിരിയുമേന്തി നഗര പ്രദക്ഷിണം, ബോധവൽക്കരണ ക്ലാസ്സ്, ലഹരിമുക്ത സന്ദേശമുയർത്തി മാജിക്ക് ഷോ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. എക്സൈസ് പ്രിവന്റീവ് ഓഫീസർ (വടകര) സി കെ ജയപ്രസാദ് ബോധവൽക്കരണ ക്ലാസ്സ് നയിക്കും. പ്രശസ്ത മജീഷ്യൻ, മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ നയിക്കുന്ന മാജിക്ക് ഷോ പരിപാടിയുടെ ഭാഗമായി നടക്കും.
Advertisements
കേവലം ബോധവൽക്കരണം കൊണ്ട് സമൂഹത്തിൽ പടർന്ന് പന്തലിച്ച ലഹരിയെ കീഴ്പ്പെടുത്താൻ ആവില്ല. ഇതിന്റെ ദൂഷ്യ വശങ്ങൾ അറിഞ്ഞ് കൊണ്ട് തന്നെ ഇതിന്റെ ഭാഗമായി മാറുന്ന ഇന്നത്തെ യുവ തലമുറ പ്രത്യേകിച്ചും സ്വയം ചിന്തിച്ച് മാറുകയെന്നതാണ് ഇതിന്റെ ഏക പോംവഴി. സമൂഹത്തിനും കുടുംബത്തിനും അത്താണിയാവുന്നവർ തന്നെ ലഹരിക്ക് അടിമപ്പെടുന്നു എന്നത് അങ്ങേയറ്റം വേദനാജനകമാണ്. ശാശ്വത പരിഹാരം വിദൂരമാണെങ്കിലും ഇതിനെതിരെ ശബ്ദമുയർത്താൻ ഒരു കൂട്ടായ്മ അത്യാവശ്യമാണ്.
ജനപ്രതിനിധികൾ, പ്രദേശത്തെ അതിഥി തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, ആരോഗ്യ – സാമൂഹ്യ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ടിക്കുന്ന മുഴുവൻ പേരെയും നഗരസഭ ഒരുക്കുന്ന ഈ സായാഹ്ന കൂട്ടായ്മയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ പറഞ്ഞു.