KOYILANDY DIARY.COM

The Perfect News Portal

ഏഴാമത് കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ഹരിപ്പാട് കെ പി എൻ പിള്ളയ്ക്ക്

.

തിരുവനന്തപുരം: ഏഴാമത് കെ രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം (2026) പ്രശസ്ത സംഗീതജ്ഞൻ ഹരിപ്പാട് കെ പി എൻ പിള്ളയ്ക്ക്. 50,000 രൂപയും പ്രശസ്‌തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത യാത്രയാണ് ഹരിപ്പാട് കെ പി എൻ പിള്ളയുടേത്. ആകാശവാണിക്കും ദൂരദർശനുമായി അയ്യായിരത്തോളം ലളിതഗാനങ്ങൾക്കും നാടക ഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം നല്കി.

 

ഉയരും ഞാൻ നാടാകെ എന്ന സിനിമയിലെ “മാതള തേനുണ്ണാൻ പാറി പറന്നുവന്ന മാണിക്യക്കുയിലാളേ” എന്ന പ്രശസ്തഗാനം ചിട്ടപ്പെടുത്തി. പി സി 369, കാക്കേ കാക്കേ കൂടെവിടെ, അഗ്രഹാരം എന്നീ സിനിമകൾക്കും സംഗീതം ചെയ്തു. ഇന്ത്യയില മിക്ക സംഗീതസഭകളിലും കച്ചേരി അവതരിപ്പിച്ചു. ആകാശവാണി സീനിയർ എ ഗ്രേഡ് മ്യൂസിക്-കമ്പോസറായാണ് വിരമിച്ചത്.

 

കേരളത്തിലുടനീളം ശിഷ്യസമ്പത്തുണ്ട്. ബാലുശ്ശേരിയിലെ ഭവാനി സംഗീത കോളേജിൻ്റെ സ്ഥാപകനും പ്രിൻസിപ്പാളുമാണ്. ഡോ. എം ഡി മനോജ്, ഡോ. പ്രശാന്ത് കൃഷ്‌ണൻ, ഡോ. ശ്രീലേഖ നന്ദകുമാർ എന്നിവരടങ്ങുന്ന ജഡ്‌ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. നവംബർ അവസാനം ബാലുശ്ശേരിയിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.

 

 

Share news