KOYILANDY DIARY.COM

The Perfect News Portal

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷ തീരുമാനം. ഇന്നലെ ഇന്ത്യ മുന്നണി നടത്തിയ പ്രതിഷേധത്തിന് നേരെ ദില്ലി പൊലീസിന്റെ വലിയ അതിക്രമമാണ് അരങ്ങേറിയത്. ദില്ലി പൊലീസിന്റെ കയ്യേറ്റത്തിൽ എ എ റഹീം എം പി ഉൾപ്പെടെ ഉള്ളവർക്ക് പരുക്കേറ്റിരുന്നു.

 

ആകാശവാണി ഭവനിൽ കുത്തിയിരുപ്പ് പ്രതിഷേധം നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ചായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. അതേസമയം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതിൽ ന്യായീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തുവന്നിട്ടുണ്ട്. ഇന്നലെ നാല് മണിവരെ ഒരു രാഷ്ട്രീയപാർട്ടിയും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നില്ല എന്നും നാല് മണിക്ക് ശേഷം ദില്ലി പൊലീസ് ആണ് പ്രതിപക്ഷ എം പിമാരുടെ സംഘം കമ്മീഷനെ കണ്ട് നിവേദനം നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്നും അറിയിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.

 

അതേസമയം ഇന്ത്യ മുന്നണിയിൽ രാഹുൽ ഗാന്ധി സ്വമേധയാ ആകാശവാണി ഭവനിൽ പ്രതിഷേധത്തിലേക്ക് പോയതിൽ അതൃപ്തിയും ഉയരുന്നുണ്ട്. ഇന്ത്യ സഖ്യ യോഗത്തിൽ തീരുമാനിച്ച സമരത്തിന്റെ ഗതി രാഹുൽ ഗാന്ധി ഒറ്റയ്ക്ക് മാറ്റി എന്നതിൽ ഉൾപ്പെടെയാണ് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

 

Share news