ആരോഗ്യ മന്ത്രി- പ്രിന്‍സിപ്പല്‍ സെക്രട്ടറി പോര് കടുക്കുന്നു
.
തിരുവനന്തപുരം: വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി നേരിടുന്നതിനിടെ ആരോഗ്യ മന്ത്രി- പ്രിന്‍സിപ്പല്‍ സെക്രട്ടറി പോര് കടുക്കുന്നതായി റിപ്പോര്‍ട്ട്. സെക്രട്ടറിയുമായുള്ള അതൃപ്തി കെ മുരളീധരന് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. നിര്‍ണായ തീരുമാനങ്ങളില്‍ അനുമതി വൈകുന്നെന്നും താന്‍ നടപടി നിര്‍ദ്ദേശിച്ച 35 ഫയലുകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചത്. സെക്രട്ടറിയെ വകുപ്പിന്റെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അന്വേഷണങ്ങളില്‍ മെല്ലെ പോക്കെന്നും ആക്ഷേപമുണ്ട്.


സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ മന്ത്രി എന്ന നിലയില്‍ തീരുമാനമെടുത്ത് നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് പരാതി. അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ചുള്ള ഫയലുകളില്‍ നടപടി നീളുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്. പുതിയ മെഡിക്കല്‍ കോളേജായി നിര്‍ദേശിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രി, നഴ്സസിങ് കോളേജ് ഹോസ്റ്റലുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ സിഎസ്ആര്‍ ഫണ്ട് വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിട്ടും അനുമതി നല്‍കുന്നതടക്കമുള്ള ഫയലുകളില്‍ തീരുമാനം നീളുന്നതായും മന്ത്രി പറയുന്നു.

മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മുന്‍കാലങ്ങളില്‍ മരുന്ന് വാങ്ങിയതിലെ അഴിമതി ആരോപണം സംബന്ധിച്ച പരിശോധന നടത്താന്‍ മൂന്നുമാസം മുമ്പ് നല്കിയ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. മെഡിക്കല്‍ കോളേജുകളിലെ സിവില്‍, ഇലക്ട്രിക്കല്‍, നിര്‍മാണപ്രവൃത്തികള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപണിക്ക് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരണമെന്ന നിര്‍ദേശം എന്നിവയും ഫയലില്‍ ഒതുങ്ങുന്നു. നിര്‍മാണം പൂര്‍ത്തിയായിട്ടും വിവിധ കാരണങ്ങളാല്‍ ഉപയോഗിക്കാത്ത ധാരാളം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയ്ക്ക് വാങ്ങിയ ഉപകരണങ്ങളും കെട്ട് പൊട്ടിക്കാതെ കിടക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കാനുള്ള നിര്‍ദേശവും എങ്ങുമെത്തിയില്ല. മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മുന്‍ എംഡി 19.5 ലക്ഷം രൂപ മുടക്കി ടെന്നീസ് ക്ലബില്‍ അംഗത്വമെടുക്കാനുണ്ടായ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല.

ക്ഷാമം നേരിട്ടിട്ടും മരുന്ന് വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയത്. എല്ലാം വകുപ്പിനുള്ളിലെ കാര്യങ്ങളാണ് എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിലപാട്. ഫയലുകള്‍ പിടിച്ചുവെക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കാന്‍ ശര്‍മിള മേരി ജോസഫ് തയ്യാറായിട്ടില്ല.



