KOYILANDY DIARY.COM

The Perfect News Portal

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗം ഇന്ന് രണ്ടാം ദിവസം

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗം രണ്ടാം ദിവസത്തിലേക്ക്. ഇന്നലെ മുതിർന്ന പാർട്ടി നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തിയതോടെയാണ് യോഗത്തിന് തുടക്കമായത്. 307 പേർ പങ്കെടുക്കുന്ന യോഗം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. പാർട്ടിയിൽ എല്ലാ തലത്തിലുമുള്ള തിരുത്തലുകൾ വരുത്തുക എന്നുള്ളതാണ് വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ ലക്ഷ്യമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

താഴെ തട്ടിലുള്ള പ്രവർത്തകരുടെ പരാതികൾ സംസ്ഥാന കമ്മറ്റി ഇനി മുതൽ നേരിട്ട് കേൾക്കും. പാർട്ടി അംഗങ്ങൾ മുതൽ നേതൃത്വം വരെയുള്ളവരിൽ രാഷ്ട്രീയ അവബോധവും പ്രത്യയ ശസ്ത്രപരവുമായ ഉള്ളടക്കവും വർദ്ധിപ്പിക്കാൻ ഉതകുന്ന തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പാർട്ടിയുടെ ഓരോ തലത്തിലും എന്തൊക്കെ മാറ്റങ്ങൾ വരുത്തണോ അതൊക്കെ വരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പാർട്ടി അംഗങ്ങൾ മുതൽ നേതൃത്വം വരെയുള്ളവരിൽ പ്രത്യയശാസ്ത്രപരമായ വ്യക്തത വരുത്താൻ തീരുമാനങ്ങൾ ഉണ്ടാകും.

താഴെ തട്ടിലുള്ള ഘടകങ്ങളുടെ വരെ പരാതികളും വിമർശനങ്ങളും സംസ്ഥാന കമ്മറ്റി നേരിട്ട് പരിശോധിക്കുന്ന സംവിധാനം ഉണ്ടാകും. പുതിയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെ എന്നതിലും ചർച്ച നടക്കും. വിപുലീകൃത സംസ്ഥാന കമ്മറ്റി പാർട്ടി ഭരണ ഘടനക്ക് അനുസൃതമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖയിന്മേലുള്ള വിശദമായ ചർച്ചയാണ് മൂന്നു ദിവസങ്ങളായി നടക്കുക. ഇന്നലെ ഗ്രൂപ്പ് ചർച്ചയും തുടർന്ന് പൊതു ചർച്ചയും ആണ് നടന്നത്. നാളെ ബഹുജന റാലിയോടെ വിപുലീകൃത സംസ്ഥാന കമ്മറ്റി സമാപിക്കും. മൂന്നു ദിവസം നീളുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ എ കെ ജി ഓഡിറ്റോറിയമാണ് വേദിയാകുന്നത്.

കോഴിക്കോട് ജില്ല സെക്രട്ടറി എം മെഹബൂബ് സ്വാഗതം പറഞ്ഞു. താൽക്കാലിക അധ്യക്ഷ സ്ഥാനം വഹിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പ്രസീഡിയം അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു. യോഗം നിയന്ത്രിക്കുന്നതിനായി എളമരം കരിം, കെ കെ ശൈലജ, പി കെ ബിജു, സേവ്യർ ചിറ്റിലപ്പള്ളി, എം ശിവപ്രസാദ് എന്നിവരുൾപ്പെട്ട പ്രസീഡിയത്തെ തെരഞ്ഞെടുത്തു. എളമരം കരിം രക്തസാക്ഷി പ്രമേയവും കെ കെ ശൈലജ ടീച്ചർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം എ ബേബി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങൾ, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങൾ, ബഹുജന സംഘടന ഭാരവാഹികൾ ഉൾപ്പെടെ 307 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

Share news